സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ അവരുടെ വിദ്യാഭ്യാസത്തിന് ശേഷം എന്തുചെയ്യണം..? മാതൃകയായി ഭിന്നശേഷിക്കാരായ കുട്ടികൾ നടത്തുന്ന രാജ്യത്തെ ആദ്യ സൂപ്പർമാർക്കറ്റ്
ഏതെങ്കിലും തരത്തിൽ ഭിന്നശേഷിക്കാരായ നിരവധി കുട്ടികളെ നാം ദിവസവും കാണാറുണ്ട്. സമൂഹത്തിൽനിന്നും ഇത്തരം കുട്ടികളെ അകറ്റിനിർത്തുന്നതാണ് നാം കൂടുതലായും കാണുന്നത്. എന്നാൽ ഇവരെ അകറ്റുന്നതിന് പകരം ചേർത്തുനിർത്തണം. ഇപ്പോഴിതാ ഇത്തരത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്കിടയിൽ ശ്രദ്ധിക്കപ്പെടുകയാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊർജ സ്പെഷ്യൽ സ്കൂൾ. ഏതെങ്കിലും തരത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹവുമായി കൂടുതൽ അടുപ്പിക്കുന്നതായി കുട്ടികൾ നടത്തുന്ന ഒരു സൂപ്പർ മാർക്കറ്റ് തുറന്നുകഴിഞ്ഞു ഊർജ സ്പെഷ്യൽ സ്കൂൾ.
ഇതോടെ ഭിന്നശേഷിക്കാരായ കുട്ടികൾ നടത്തുന്ന രാജ്യത്തെ ആദ്യ സൂപ്പർമാർക്കറ്റ് ആയി മാറിയിരിക്കുകയാണ് ഇത്. ഉർജ സ്പെഷ്യൽ സ്കൂൾ നടത്തുന്ന ദമ്പതികളായ ഡോ. മിഹിർ പരേഖും, പൂജാ പരേഖുമാണ് സൂപ്പർമാർക്കറ്റ് എന്ന ആശയത്തിന് പിന്നിൽ. ചൈൽഡ് സൈക്കോളജിസ്റ്റും സ്പെഷ്യൽ എഡ്യൂക്കേറ്ററുമാണ് ഡോ. മിഹിർ പരേഖ്. ഉർജ സൂപ്പർമാർക്കറ്റ് പൊതുജനങ്ങൾക്കായി തുറന്നിട്ട് ഇപ്പോൾ മൂന്നാഴ്ചയിലേറെയായി. മികച്ച പ്രതികരണങ്ങളാണ് ഈ ആശയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Read also: ട്രെൻഡിനൊപ്പം കൊച്ചി മെട്രോയും; ശ്രദ്ധനേടി ‘ചാമ്പിക്കോ’ വിഡിയോ
അതേസമയം ഇത് തങ്ങൾ കുട്ടികൾക്ക് നൽകുന്ന സ്കൂൾ ആക്ടിവിറ്റിയുടെ ഭാഗമാണ് എന്നാണ് ഈ ദമ്പതികൾ പറയുന്നത്. ‘കുട്ടികൾക്കായി ഒരു തൊഴിൽ പരിശീലന പരിപാടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾ അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയാൽ പിന്നെ എന്ത് ചെയ്യുമെന്നതിനുള്ള ഒരു മറുപടിയാണ് ഇതെന്നും ഇവർ പറയുന്നു. ഇതിന്റെ ഭാഗമായി അവർക്ക് ഷോപ്പ് മാനേജ്മെന്റ്, പാചകം, ബേക്കിംഗ്, ഓഫീസ് മാനേജ്മെന്റ്, കമ്പ്യൂട്ടർ വിജ്ഞാനം എന്നിവയിൽ പരിശീലനം നൽകുന്നുണ്ടെന്നും ഡോ. പരേഖ് പറഞ്ഞു.
കുട്ടികൾക്ക് ഇപ്പോൾ സൂപ്പർ മാർക്കറ്റിൽ പരിശീലനം നല്കികൊണ്ടിരിക്കുകയാണ്. നിലവിൽ സ്കൂളിലെ 15 ഓളം പേർക്ക് ഇപ്പോൾ സൂപ്പർമാർക്കറ്റിലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ പരിശീലനം ലഭിച്ചു കഴിഞ്ഞതായും പരേഖ് വ്യക്തമാക്കി. അതേസമയം ഇവിടെ കുട്ടികളെ സഹായിക്കാനായി ഒരു തെറാപ്പിസ്റ്റോ സ്റ്റോർ മാനേജരോ എപ്പോഴും ഉണ്ടാകും.
Story highlights; Supermarket run by Specially-abled children