ശുദ്ധജലക്ഷാമം പരിഹരിക്കാൻ വായുവിൽ നിന്നും കുടിവെള്ളം ഉൽപാദിപ്പിക്കുന്ന ടവർ- ദിവസവും 100 ലിറ്റർ വരെ വെള്ളം, പരീക്ഷണം ഹിറ്റ്
കുടിവെള്ളം കിട്ടാക്കനിയായി മാറുന്ന സമയം വരുന്നുവെന്ന മുന്നറിയിപ്പ് ഗവേഷകരും ശാസ്ത്രലോകവും പറഞ്ഞുതുടങ്ങിയിട്ട് കാലം കുറെയായി. കുടിവെള്ള ക്ഷാമം നേരിടുന്ന ഇടങ്ങൾ ഇന്നും നിരവധിയാണ്. ഐക്യരാഷ്ട്ര സംഘടന പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ലോകത്ത് 2.3 ബില്യൺ ആളുകൾക്ക് നിലവിൽ കുടിവെള്ളം ആവശ്യത്തിന് ലഭിക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ ചിലയിടങ്ങൾ ഉൾപ്പടെ ഈ പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ വായുവിൽ നിന്നും കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന കണ്ടുപിടുത്തവുമായി എത്തുകയാണ് ഒരു സംഘം ആളുകൾ. ഇറ്റലിയിൽ നിന്നുളള ആർകിടെക്റ്റായ ആർതുറോ വിറ്റോറിയും സംഘവുമായാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നിൽ. വർക്ക വാട്ടർ ടവർ എന്നാണ് ഈ ശുദ്ധജല സംഭരണ പദ്ധതിയുടെ പേര്.
ആർതുറോ വിറ്റോറിയും സംഘവും ചേർന്ന് എത്യോപ്യയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഈ കണ്ടുപിടുത്തം നടത്തിയത്. ഇതിനായി ഇവർ ആദ്യം മുളകൊണ്ടുള്ള ഒരു ടവർ ഒരുക്കി. 80 കിലോഗ്രാമാണ് ഈ ടവറിന്റെ ഭാരം. മുളകൊണ്ടുള്ള ടവറിൽ നേർത്ത മെഷ് ഉപയോഗിച്ച് ആവരണം ചെയ്യുക കൂടി ചെയ്തതോടെ ഇവ അന്തരീക്ഷത്തിലെ ഈർപ്പത്തെ തടഞ്ഞുനിർത്താനും, മെഷീനിൽ ഇത്തരത്തിൽ അടിയുന്ന ഈർപ്പം വെള്ളമായി മാറാനും തുടങ്ങി. അത്തരത്തിൽ മെഷീനിലൂടെ ഒഴുകി വരുന്ന വെള്ളം ടവറിന്റെ ഏറ്റവും അടിഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന റിസർവോയറിൽ എത്തി അവിടെ നിന്നും ശേഖരിക്കപ്പെടുന്നു. ഈ ടവറിൽ നിന്നും ദിവസവും ശരാശരി 100 ലിറ്റർ വരെ വെള്ളം ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
നിലവിൽ ഹൈത്തി, മഡഗാസ്കർ , കൊളംബിയ, ബ്രസീൽ എന്നിവയ്ക്ക് പുറമേ ഇന്ത്യയിലും ഇതേ മാതൃകയിൽ വാട്ടർ ടവറുകൾ ഒരുക്കിക്കഴിഞ്ഞു. അതേസമയം കുറഞ്ഞ ചിലവിൽ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കുടിവെള്ളം ഒരുക്കി നൽകുക എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം.
Story highlights;Tower Collects 100 Liters of Water From The Air Daily