വിജയ് സേതുപതിക്കൊപ്പം പ്രിയ നായികമാർ- ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ ഗാനം

April 12, 2022

വിജയ് സേതുപതിയുടെ നായികമാരായി നയൻതാരയും സാമന്തയും എത്തുന്ന പുതിയ ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. സിനിമയിലെ ഗാനങ്ങളും റീലീസിനു മുൻപ് തന്നെ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ, ഹിറ്റായി മാറിയ ‘ടു ടു’ ഗാനത്തിന്റെ തെലുങ്ക് ലിറിക്കൽ വിഡിയോ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

സിനിമയുടെ പേരും ടീസറും സൂചിപ്പിക്കുന്നതനുസരിച്ച് ഒരു ത്രികോണ പ്രണയ കഥയുമായാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. ചിത്രത്തിന്റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’.

വിജയ് സേതുപതിക്കൊപ്പം നയൻ‌താര ‘നാനും റൗഡി താൻ’, ‘സെയ്‌റ നരസിംഹ റെഡ്ഢി’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ഡ്യുലക്സ് എന്ന ചിത്രത്തിൽ സാമന്തയും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ഏപ്രിലിൽ ആരംഭിക്കാനിരിക്കെയാണ് കൊവിഡ് പ്രതിസന്ധി ഉണ്ടായത്. 2022ലാണ് ഷൂട്ടിംഗ് പൂർത്തിയായത്.

നയൻ‌താര ഇപ്പോൾ ഷാരൂഖ് ഖാന്റെ നായികയായി അഭിനയിക്കുന്ന ആറ്റ്ലി ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്. മായയ്ക്ക് ശേഷം അശ്വിൻ ശരൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സാമന്ത നായികയായി വേഷമിടുന്നത്. ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സംസാരിക്കാനാവാത്ത കാഥാപാത്രമായാണ് സാമന്ത വേഷമിടുന്നത് എന്നാണ് സൂചന.

Read Also: ലോകത്തെ എക്കാലത്തെയും മികച്ച 3 നടന്മാരെ നിർദേശിക്കാൻ ആമസോൺ പ്രൈം; അതിലൊരാൾ മോഹൻലാലെന്ന് എൻ എസ് മാധവൻ

 അതേസമയം, ’19 (1)(എ)’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വിജയ് സേതുപതി ഏറ്റവുമൊടുവിൽ അഭിനയിച്ചത്. മാർക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.

Story highlights- two two lyrical video from kathuvakkullai