യുദ്ധമുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയത് സ്മാർട്ട് ഫോണിന്റെ സഹായത്തോടെ; ശ്രദ്ധനേടി സൈനികൻ പങ്കുവെച്ച വിഡിയോ

ഇന്ന് മനുഷ്യന്റെ സന്തത സഹചാരിയായി മാറിയതാണ് സ്മാർട്ട് ഫോണുകൾ. രാവിലെ ഉണരുന്ന തുമുതൽ രാത്രി ഉറങ്ങുന്നതുവരെ നമ്മിൽ മിക്കവരും ഫോൺ കൈയിൽ കൊണ്ടുനടക്കാറുണ്ട്. ഇത് കൊണ്ടുള്ള ഉപകാരങ്ങളും നിരവധിയാണ്. ഇപ്പോഴിതാ യുദ്ധഭൂമിയിൽ നിന്നും ജീവൻ രക്ഷിക്കാൻ കാരണം തന്റെ കൈയിലെ സ്മാർട്ട് ഫോൺ ആണെന്ന് പറയുകയാണ് ഒരു സൈനികൻ. റഷ്യ- യുക്രൈൻ യുദ്ധ മുഖത്ത് നിന്നും പുറത്തുവരുന്ന വിഡിയോക്കൊപ്പമാണ് സൈനികന്റെ വിഡിയോയും ശ്രദ്ധിക്കപ്പെടുന്നത്. റഷ്യൻ സൈന്യത്തിന്റെ വെടിയുണ്ടയുടെ മുൻപിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യുക്രൈൻ സൈനികന്റെ വിഡിയോയാണിത്.
വാർത്ത ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ച റിപ്പോർട്ടിലൂടെയാണ് ഈ സൈനികന്റെ വിഡിയോ ലോകം അറിയുന്നത്. അതേസമയം ‘സ്മാര്‍ട്ട്ഫോണ്‍ എന്റെ ജീവന് രക്ഷിച്ചു’ എന്ന പേരില്‍ സൈനികന് തന്നെയാണ് ഈ വിഡിയോ പങ്കുവെച്ചത് എന്നും എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സ്മാർട്ട് ഫോൺ സൈനികന്റെ ജീവൻ രക്ഷിക്കാൻ കാരണമായെന്ന് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. സൈനികന്റെ നേർക്ക് റഷ്യൻ സേന ഉതിർത്ത 7.62 എംഎം ബുള്ളറ്റ് അദ്ദേഹത്തിന്റെ നെഞ്ചത്ത് തുളച്ച് കയറേണ്ടിയിരുന്നതാണ്. എന്നാൽ അത് ആ സ്മാർട്ട് ഫോണിലേക്കാണ് തുളച്ച് കയറിയത്. അതേസമയം ആ ഫോൺ അവിടെയില്ലായിരുന്നുവെങ്കിൽ ആ ബുള്ളറ്റ് സൈനികന്റെ ശരീരത്തിൽ തുളച്ചുകയറുമായിരുന്നുവത്രെ. എന്നാൽ ആ ബുള്ളറ്റ് ഇപ്പോഴും ആ ഫോണില്‍ തന്നെ ഉണ്ടെന്നും വിഡിയോയിലൂടെ പറയുന്നുണ്ട്.
സ്മാർട്ട് ഫോൺ തന്റെ ജീവന് രക്ഷിച്ച കാര്യം സൈനികന് തന്റെ സഹ പ്രവര്‍ത്തകനോട് യുദ്ധ ഭൂമിയിൽ നിന്ന് വിവരിക്കുന്നതും വിഡിയോയിൽ കാണുന്നുണ്ട്. അതേസമയം ഇതിനോടകം നിരവധിയാളുകളാണ് റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായി മരണത്തിന് കീഴടങ്ങേണ്ടിവന്നത്.
Story highlights: Video of smartphone saving Ukrainian soldier’s life