ഇത് കറാച്ചിയിലെ ടാർസൻ; ഒറ്റരാത്രികൊണ്ട് സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയ 28 കാരനും പറയാനുണ്ട് ഹൃദയംതൊടുന്നൊരു ജീവിതകഥ

April 21, 2022

സമൂഹമാധ്യമങ്ങൾ ജനപ്രിയമായതോടെ ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന കാര്യങ്ങളും ഞൊടിയിടയിൽ നാം അറിയാറുണ്ട്. അത്തരത്തിൽ ഒറ്റരാത്രികൊണ്ട് ഫേമസ് ആയ ഒരു ഇരുപത്തിയെട്ട് കാരനാണ് ഫര്‍മാന്‍ അലി. കറാച്ചിയിലെ ടാർസൻ എന്ന് ആളുകൾ വിളിക്കുന്ന ഈ യുവാവ് തന്റെ അസാധാരണമായ താമസം കൊണ്ടാണ് ഫേമസ് ആയത്. ഈ യുവാവ് ഒരു മരത്തിന്റെ മുകളിലെ ഏറുമാടത്തിലാണ് കഴിഞ്ഞ എട്ട് വർഷമായി താമസിക്കുന്നത്. ഇങ്ങനെ ഒരു താമസം തിരഞ്ഞെടുക്കാൻ കാരണവുമുണ്ട് ഫർമാന്. വളരെ ദരിദ്ര കുടുംബത്തിലാണ് അലി ജനിച്ചത്. വർഷങ്ങൾക്ക് മുൻപ് അലിയുടെ അച്ഛനും അമ്മയും മരിച്ചു. ഇതോടെ തനിച്ചായ അലിയ്ക്ക് സ്വന്തമായി ഒരു വീടോ സ്ഥലമോ ഉണ്ടായിരുന്നില്ല. ഒരു വീട് വാങ്ങാനുള്ള പണം ഇല്ലാതിരുന്ന അലി ഇങ്ങനെ ഒരു ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യമൊക്ക തെരുവിലും കട വരാന്തകളിലും ആണ് അലി അന്തിയുറങ്ങിയിരുന്നത്. എന്നാൽ ഇവിടെ നിന്നും പലപ്പോഴും ആട്ടിയിറക്കപെട്ടതോടെ മറ്റൊരു സുരക്ഷിതമായ താമസ സ്ഥലം അലി തിരഞ്ഞെടുക്കുകയായിരുന്നു. കാറുകൾ കഴുകിയും വീടുകൾ തൂത്ത് വാരിയും ഉപജീവന മാർഗം കണ്ടെത്തുന്ന അലിയ്ക്ക് സമ്പാദ്യങ്ങളൊന്നുമില്ല. കിട്ടുന്ന പണം ഉപയോഗിച്ച് ഇപ്പോൾ താമസിക്കുന്ന ഏറുമാടത്തിൽ താമസിക്കാനുള്ള സൗകര്യങ്ങൾ അലി ഒരുക്കിയിട്ടുണ്ട്. ഒരു താത്കാലികമായി ഒരു കട്ടിൽ, ഒരു സിങ്ക്, പാചകം ചെയ്യാൻ ഒരു ചെറിയ സ്റ്റവ്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ലൈറ്റ്, ഫോൺ ചാർജർ എന്നിവയൊക്കെമരത്തിന് മുകളിലെ ഈ കുഞ്ഞുവീട്ടിൽ ഒരുക്കിയിട്ടുണ്ട്.

Read also: ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് രസകരമായ മറുപടിയുമായി മീനൂട്ടി; ചിരി നിമിഷങ്ങൾ…

അതേസമയം പാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലാണ് അലി ഇത്തരത്തിൽ താമസിക്കുന്നത്. ആദ്യമൊക്കെ ബന്ധുക്കളോടും പരിചയക്കാരോടും സഹായങ്ങൾ അഭ്യർത്ഥിച്ചെങ്കിലും അവിടെ നിന്നൊക്കെ ആട്ടിപ്പായിക്കപ്പെട്ടതായും അലി പറയുന്നു. അലി വിവാഹം കഴിച്ചെങ്കിലും കുടുംബം പുലർത്താനുള്ള വരുമാനം ഇല്ലാത്തതിനാൽ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയെന്നും പറയുന്നുണ്ട് അലി.

Story highlights: Man has been living in makeshift treehouse for eight years