ആറു ദിവസം തനിച്ച് കൊടുംമഞ്ഞിൽ; ഇത് 52 കാരിയുടെ അതിജീവന കഥ
കൊടുംതണുപ്പിൽ അകപ്പെട്ട ഒരു സ്ത്രീയുടെ അതിജീവന കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒന്നും രണ്ടുമല്ല ആറു ദിവസമാണ് ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെ 52 കാരിയായ ഈ സ്ത്രീ കൊടുംമഞ്ഞിൽ കഴിഞ്ഞത്. കാലിഫോർണിയയിലാണ് സംഭവം. കൊടുമഞ്ഞിൽ കാറിലൂടെ സഞ്ചരിക്കുകയായിരുന്ന ഷീന ഗുല്ലറ്റ് എന്ന സ്ത്രീയാണ് സ്വന്തം കാറിനകത്ത്, മഞ്ഞിൽ ദിവസങ്ങളോളം കഴിഞ്ഞത്. ജീവൻ നിലനിർത്താൻ മഞ്ഞ് വെള്ളമാക്കി കുടിച്ചും കൈയിൽ ഉണ്ടായിരുന്ന യോഗർട്ട് കഴിച്ചുമാണ് ഇവർ അതിജീവിച്ചത്.
കഴിഞ്ഞ ഏപ്രിൽ 14 -ന് വടക്കൻ കാലിഫോർണിയയിലെ ലിറ്റിൽ വാലിക്ക് സമീപമാണ് സംഭവം ഉണ്ടായത്. സ്വന്തം കാറിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു ഷീന ഗുല്ലറ്റ്. വഴിയിലെ ഹിമപാതത്തിൽ കാർ കുരുങ്ങിയതോടെ മുന്നോട്ട് പോകാൻ കഴിയാതെ ഇവർ അവിടെ കുരുങ്ങി. രാത്രി മുഴുവൻ കാറിൽ കഴിഞ്ഞ ഇവർ അടുത്ത ദിവസം പുലർച്ചെ നോക്കിയപ്പോൾ കാറിന്റെ ബാറ്ററി പ്രവർത്തനരഹിതമായതായി കണ്ടെത്തി. തുടർന്ന് അവിടെ നിന്നും ഇറങ്ങിനടക്കാൻ തുടങ്ങിയ ഇവർ കുറച്ച് ദൂരം ചെന്നപ്പോഴേക്കും ഷീന ഗുല്ലറ്റിന്റെ ബൂട്ട് പൊട്ടി. പിന്നീട് ഇരുവരും രണ്ടു വഴിയിൽ ആയതോടെ ഷീന ഗുല്ലറ്റ് തിരികെ കാറിൽ അഭയം പ്രാപിക്കുകയായിരുന്നു.
അതേസമയം മൂന്നാം ദിവസം നഗരത്തിൽ എത്തിയ ഷീന ഗുല്ലറ്റിന്റെ സുഹൃത്ത് നേരെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അധികൃതരെ അറിയിച്ചു. അവർ നടത്തിയ അന്വേഷണങ്ങൾക്ക് ശേഷം മൂന്നാം ദിവസമാണ് ഷീന ഗുല്ലറ്റിനെ കൊടുംമഞ്ഞ് നിറഞ്ഞ പ്രദേശത്ത് നിന്നും കണ്ടെത്തിയത്. കനത്ത മഞ്ഞ് വീഴ്ചയും കാലാവസ്ഥ മോശമായതുമാണ് ഇവരെ കണ്ടെത്താൻ ഇത്രയും വൈകിയത് എന്നാണ് അധികൃതർ അറിയിക്കുന്നത്.
Story highlights; Woman trapped six days in a car during a snowstorm