എവിടെയോ കണ്ടുമറന്ന മുഖം..; ദുരൂഹതയുണർത്തി ‘ട്വൽത്ത് മാൻ’ ട്രെയ്‌ലർ

May 3, 2022

ദൃശ്യം സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ട്വൽത്ത് മാൻ. മോഹൻലാലിനൊപ്പം വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. ഒരു ഡാർക്ക് ത്രില്ലറിലേക്കാണ് ട്രെയ്‌ലർ സൂചന നൽകുന്നത്. മോഹൻലാലിനെ കൂടാതെ, ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുശ്രീ, അനു സിത്താര, പ്രിയങ്ക നായർ, അനു മോഹൻ, രാഹുൽ മാധവ്, ലിയോണ ലിഷോയ്, ചന്ദുനാഥ്, അദിതി രവി തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. ‘എല്ലാവർക്കും മൂന്ന് ജീവിതങ്ങളുണ്ട്. ഒരു പൊതു ജീവിതം, ഒരു സ്വകാര്യ ജീവിതം, ഒരു രഹസ്യ ജീവിതം’ എന്ന ടാഗ് ലൈനുമായാണ് ചിത്രം എത്തുന്നത്.

ആറു കോളേജ് സുഹൃത്തുക്കൾ അവരുടെ പങ്കാളികൾക്കൊപ്പം ഒരു ഹിൽ സ്റ്റേഷനിലെ ഹോട്ടലിൽ ഒത്തുചേരുന്നു. അവിടേക്ക് പന്ത്രണ്ടാമനായി വന്നു ചേരുന്നയാളാണ് മോഹൻലാലിൻറെ കഥാപാത്രം. ഒരു മദ്യപാനിയായാണ് മോഹൻലാൽ വേഷമിടുന്നത്. പിന്നീട് അവിടെ നടക്കുന്ന ദുരൂഹ സംഭവങ്ങളാണ് ചിത്രമെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. കെ ആർ കൃഷ്ണകുമാറിന്റെ തിരക്കഥയിൽ സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അനിൽ ജോൺസനാണ് സംഗീതസംവിധായകനായി എത്തുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ചിത്രം നേരിട്ട് റിലീസിന് തയ്യാറെടുക്കുകയാണ്. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മോഹൻലാലും ജീത്തു ജോസഫും മുമ്പ് ഹിറ്റായ ദൃശ്യം സിനിമകൾക്ക് വേണ്ടി ഒന്നിച്ചിരുന്നു. നിരൂപക പ്രശംസ നേടിയ മലയാളം ചിത്രമായ ദൃശ്യം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു. കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ദൃശ്യത്തിന്റെ രണ്ടാം ഭാഗവും വളരെയേറെ ഹിറ്റായി മാറിയിരുന്നു.

Story highlights- 12TH man Trailer