മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയുമായി രക്ഷിത് ഷെട്ടിയുടെ ‘777 ചാർളി’; മലയാളത്തിലെത്തിക്കുന്നത് പൃഥ്വിരാജ് – ട്രെയ്‌ലർ

May 16, 2022

ജീവിതത്തോട് വലിയ പ്രതീക്ഷകൾ വച്ച് പുലർത്താത്ത യുവാവാണ് ധർമ. വീടും, ജോലിയും, തന്റേതായ കലഹങ്ങളുമായി ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ധർമയുടെ ജീവിതത്തിലേക്ക് ചാർളി എന്നൊരു തെരുവ് നായ കടന്ന് വരുന്നു. ഇതോടെ അയാളുടെ ജീവിതത്തിൽ ഉണ്ടാവുന്ന മാറ്റങ്ങളാണ് ‘777 ചാർളി’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. കന്നഡ സൂപ്പർതാരം രക്ഷിത് ഷെട്ടിയാണ് കേന്ദ്ര കഥാപാത്രമായ ധർമയെ അവതരിപ്പിക്കുന്നത്.

കന്നഡ സിനിമയിലെ കഴിഞ്ഞ ദശകത്തിലെ ഏറ്റവും സുപ്രധാനമായ ഒരു ശബ്‌ദമായി മാറിയ യുവനടനാണ് രക്ഷിത് ഷെട്ടി. അഭിനയത്തോടൊപ്പം തിരക്കഥ രചനയിലും സജീവമായിട്ടുള്ള നടൻ ‘ഉള്ളിടവറു കണ്ടന്തേ’ എന്ന ഹിറ്റ് കന്നഡ ചിത്രത്തിന്റെ സംവിധായകൻ കൂടിയാണ്. നാടക രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരം കന്നഡയിലെ പുതുതലമുറ സിനിമയിലെ നിർണായക സാന്നിധ്യം കൂടിയാണ്.

ജൂൺ 10 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു ട്രെയ്‌ലറാണ് ഇപ്പോൾ റിലീസ് ചെയ്‌തിരിക്കുന്നത്‌. നിവിന്‍ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ്, പൃഥ്വിരാജ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്തുവിട്ടത്. ഒരു ഫീൽ ഗുഡ് മൂവിയായി ഒരുങ്ങുന്ന ചിത്രം കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി 5 ഭാഷകളിലാണ് പ്രദർശനത്തിനെത്തുന്നത്.

Read More: ശബ്‌ദം കൊണ്ട് ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്നവരുടെ പച്ചയായ ജീവിതം, കൈയടി നേടി ജയസൂര്യ; ‘മേരി ആവാസ് സുനോ’- റിവ്യൂ

പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ സൂപ്പർതാരം പൃഥ്വിരാജാണ് ‘777 ചാർളി’യുടെ മലയാള പതിപ്പിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം കോമഡി അഡ്വഞ്ചര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. നോബിന്‍ പോള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നായികയാവുന്നത് സംഗീത ശൃംഗേരിയാണ്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരും ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Story Highlights: 777 charlie trailer release