ഇത് കുതിരയല്ല നായയാണ്- താരമായി ലോകത്തിലെ ഏറ്റവും വലിയ നായ സിയൂസ്

May 20, 2022

സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായ ഒരു നായയാണ് സിയൂസ്. ഒരു നായയ്ക്ക് എന്താണ് ഇത്ര വലിയ പ്രത്യേകത എന്ന് ചോദിച്ചാൽ, ലോകത്തിലെ ഏറ്റവും വലിയ നായയ്ക്കുള്ള ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയതാണ് സിയൂസ്. സിയൂസിന്റെ ഉയരം 1.046 മീറ്ററാണ്. അതായത്, 3 അടി, 5.18 ഇഞ്ച്. അടുത്തിടെയാണ് ലോകത്തിലെ ഏറ്റവും വലിയ നായയ്ക്കുള്ള ഗിന്നസ് റെക്കോർഡ് സിയൂസിന് ലഭിച്ചത്. സിയൂസിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വൈറലായതോടെ ഇത് നായയല്ല കുതിരയാണ്, പശുവിന്റെ കുട്ടിയാണ് എന്നൊക്ക വരെ കമന്റുകൾ വന്നിരുന്നു.

അതേസമയം ബ്രിട്ടനി ഡേവിസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സിയൂസ്. സിയൂസിന് എട്ട് മാസം പ്രായമുള്ളപ്പോൾ മുതൽ സിയൂസ് ഡേവിസിനൊപ്പമാണ്. ഗ്രേറ്റ് ഡാൻ ഇനത്തിൽപ്പെട്ട സിയൂസിനെ തങ്ങൾക്ക് ലഭിക്കുമ്പോൾ തന്നെ അവന് നല്ല ഉയരം ഉണ്ടായിരുന്നു എന്നാണ് ഡേവിസ് പറയുന്നത്. അതേസമയം തവിട്ടും ചാരനിറവും കലർന്ന സിയൂസിനേയും കൊണ്ട് പുറത്തുപോകുമ്പോഴൊക്കെ അവൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നതായും ഇപ്പോൾ അവനൊരു സെലിബ്രിറ്റി ആയി മാറിയെന്നുമാണ് ഡേവിസ് പറയുന്നത്. ദിവസവും പന്ത്രണ്ട് കപ്പ് ഡോഗ് ഫുഡും പുഴുങ്ങിയ മുട്ടകളുമാണ് സിയൂസിന് ഭക്ഷണമായി നൽകാറുള്ളത്.

Read also: മുക്കാലാ മുക്കാബുലാ… ആവേശം നിറച്ച് അഫ്സൽ പാടി, ചേർന്ന് പാടി സയനോരയും

സിയൂസ് ഗ്രേറ്റ് ഡേനുകൾ വിഭാഗത്തിൽപ്പെടുന്നവയാണ്. ഇത്തരം നായകൻ വേട്ടക്കാരായ മധ്യകാലഘട്ടത്തിലെ നായകളുടെ വിഭാഗത്തിൽപ്പെടുന്നവയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. മറ്റുള്ള നായകളിൽ നിന്നും ഇവയ്ക്ക് പുതുവെ ഉയരം കൂടുതലായിരിക്കും. എന്നാൽ അവയെ അപേക്ഷിച്ച് ആയുസ് ഇവയ്ക്ക് കുറവാണെന്നും പഠനങ്ങൾ പറയുന്നു. അതേസമയം സമൂഹമാധ്യമങ്ങളിൽ നിരവധിയാണ് സിയൂസിന്റെ ആരാധകർ. സിയൂസിന്റെ ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ കാഴ്ചക്കാരും ഏറെയാണ്.

Story highlights: About Worlds tallest dog