ഇരുപതുവർഷത്തെ തിരക്കുപിടിച്ച അഭിനയ ജീവിതത്തിൽ നിന്നും 17 വർഷത്തോളം മാറിനിന്നതിന് രണ്ടു കാരണങ്ങളുണ്ട്- മനസ് തുറന്ന് നടി ഷീല
മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ ഇടം നേടിയ നടിയാണ് ഷീല. വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്. 20 വർഷത്തോളം സജീവമായിരുന്ന സിനിമാലോകത്തുനിന്നും 17 വർഷത്തെ ഇടവേളയെടുത്താണ് ഷീല മാറിനിന്നത്. മാസത്തിൽ 26 സിനിമകളിൽ പോലും അഭിനയിച്ച തിരക്കുകളിൽ നിന്നും മാറിനിന്നതിനെക്കുറിച്ച് ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ മനസ് തുറക്കുകയാണ് മലയാളത്തിന്റെ സ്വന്തം ഷീലാമ്മ.
ആ മാറിനിൽപ്പിന് രണ്ടു കാരണങ്ങളാണ് ഷീല പറയുന്നത്. ആദ്യത്തേത് മകൻ ആണെന്ന് നടി പറയുന്നു. മകനുണ്ടായപ്പോൾ കുട്ടിയുടെ വളർച്ചയും വീഴ്ചയും ഓരോ ഘട്ടങ്ങളും അടുത്തുനിന്നു കാണണം എന്ന തോന്നലുണ്ടായി എന്നും അതിനായി അഭിനയം മതിയാക്കി ഊട്ടിയിലേക്ക് പോകുകയായിരുന്നു എന്നും ഷീല പറയുന്നു. മകന്റെ പഠനം പൂർത്തിയാകുംവരെ ഒപ്പം നിന്ന് ഒരമ്മയുടേതായ കടമകളെല്ലാം അഭിനേത്രി എന്നതിൽ നിന്നും മാറിനിന്ന് നിർവഹിക്കാൻ ഷീലയ്ക്ക് സാധിച്ചു.
Read Also: ആലിയ ഭട്ടിന്റെ ഗംഗുഭായ് ലുക്കിൽ തായ്ലൻഡിൽ നിന്നുമൊരു എൺപതുകാരി മുത്തശ്ശി- വിഡിയോ
മറ്റൊരു കാരണം അത്രത്തോളം മടുത്തിട്ടായിരുന്നു എന്നാണ് നടി പറയുന്നത്. സിനിമയിൽ സജീവമായി തിരക്കിലായത് 1964 മുതലാണ്. പിന്നീട് എണ്പതുകളിലേക്ക് എത്തുംവരെ ഉറക്കംപോലുമില്ലാത്ത ഷൂട്ടിംഗ് തിരക്കായി. ഒരുദിവസം രണ്ടു സിനിമകളിൽ അഭിനയിച്ചു. ചെറിയ വേഷങ്ങളിൽ അല്ല, പ്രധാന വേഷങ്ങളിൽ തന്നെ. രാത്രിയേത്, പകലേത് എന്ന തിരിച്ചറിവുപോലുമില്ലാതെ അഭിനയിക്കേണ്ടി വന്നു. ഷൂട്ടിംഗ് തിരക്കുകൾ കാരണം ആളുകളെ പോലും കാണാനോ സംസാരിക്കാനോ സാധിക്കാത്ത അവസ്ഥയിൽ മടുത്താണ് അഭിനയം അവസാനിപ്പിച്ച് ഇടവേളയെടുത്തതെന്നും നടി പറയുന്നു. ഒട്ടേറെ വിശേഷങ്ങളുമായാണ് ഷീല ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ സജീവമായത്.
Story highlights- actress sheela about her acting career