സൈമണ്ട്സിന്റെ ചേതനയറ്റ ശരീരം വിട്ടുപോകാൻ കൂട്ടാക്കാതെ വളർത്തുനായ്ക്കൾ; കണ്ടു നിന്നവരുടെ കണ്ണ് നിറഞ്ഞ നിമിഷം
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ലോകമെങ്ങുമുള്ള കായിക പ്രേമികളെ ഞെട്ടിച്ചു കൊണ്ട് ക്രിക്കറ്റ് ഇതിഹാസമായ ആൻഡ്രൂ സൈമണ്ട്സ് കാറപകടത്തിൽ കൊല്ലപ്പെടുന്നത്. 46 വയസ്സായിരുന്നു ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ സൈമണ്ട്സിന്. സൈമണ്ട്സ് താമസിച്ചിരുന്ന ടൗൺസ്വില്ലെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഹെർവി റേഞ്ചിലായരുന്നു അപകടം. അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നാണ് പോലീസ് പറയുന്നത്.
ഇപ്പോൾ അപകട സ്ഥലത്ത് ഉണ്ടായിരുന്ന ദൃക്സാക്ഷികൾ പങ്കുവെച്ച ഒരു അനുഭവമാണ് ലോകത്തെ നൊമ്പരപ്പെടുത്തുന്നത്. അപകട സമയത്ത് സൈമണ്ട്സിനൊപ്പം കാറിൽ അദ്ദേഹത്തിന്റെ രണ്ട് വളർത്തു നായ്ക്കളും ഉണ്ടായിരുന്നു. അപകടത്തിൽ സാരമായ പരിക്കുകളൊന്നുമില്ലാതെ ഇവർ രക്ഷപെടുകയും ചെയ്തിരുന്നു.
എന്നാൽ സൈമണ്ട്സിന്റെ ചേതനയറ്റ ശരീരം വിട്ട് പോവാൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നായ്ക്കൾ കൂട്ടാക്കിയില്ല എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അപകട സമയത്ത് താരത്തെ രക്ഷപ്പെടുത്താൻ ശ്രമിച്ച പ്രദേശവാസികളാണ് ഈ അനുഭവം ലോകത്തോട് പങ്കുവെച്ചത്. കണ്ടു നിന്നവരെയൊക്കെ നൊമ്പരപ്പെടുത്തിയ ഒരു നിമിഷം കൂടിയായി ഇത് മാറുകയായിരുന്നു.
നേരത്തെ ക്രിക്കറ്റ് ആരാധകരോടൊപ്പം പല പ്രമുഖരും താരത്തിന്റെ വേർപാടിൽ മനം നൊന്ത് അനുശോചന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരുന്നു. സൈമണ്ട്സിന്റെ സഹതാരങ്ങളായിരുന്ന ഗിൽക്രിസ്റ്റും ഗില്ലസ്പിയുമൊക്കെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
Read More: ഇവരാണ് സീസണിലെ ഏറ്റവും മികച്ച പേസർമാർ; തിരഞ്ഞെടുത്തത് സൗരവ് ഗാംഗുലി
ഇന്ത്യയുടെ ഇതിഹാസ താരമായ സച്ചിൻ ടെൻഡുൽക്കറും സൈമണ്ട്സിനെ അനുസ്മരിച്ച് തന്റെ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. സൈമണ്ട്സ് ക്രിക്കറ്റ് മൈതാനത്തെ ഊര്ജ്ജസ്വലനായ താരമായിരുന്നുവെന്നും മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ ഒരുമിച്ചുണ്ടായിരുന്ന സമയത്തെ കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ മനസ്സിലുണ്ടെന്നുമാണ് സച്ചിൻ കുറിച്ചത്.
Story Highlights: Andrew symonds pet dogs refused to leave his dead body