ഇവരാണ് സീസണിലെ ഏറ്റവും മികച്ച പേസർമാർ; തിരഞ്ഞെടുത്തത് സൗരവ് ഗാംഗുലി

May 16, 2022

ഒട്ടേറെ പേസ് ബൗളർമാരാണ് ഈ ഐപിഎൽ സീസണിൽ ഞെട്ടിക്കുന്ന പ്രകടനങ്ങൾ കാഴ്‌ചവെച്ചിട്ടുള്ളത്. ഇവരിൽ പലരും ഭാവിയിൽ ഇന്ത്യൻ ദേശീയ ടീമിലെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ആരാധകർ. പേസ് ബൗളർമാർക്ക് എപ്പോഴും ക്ഷാമം ഉണ്ടായിരുന്ന ഇന്ത്യൻ ടീമിൽ ഇവർക്ക് കൃത്യമായ സ്ഥാനമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ആരാധകർക്കൊപ്പം കളി നിരീക്ഷകരും.

ഇപ്പോൾ ഈ ഐപിഎൽ സീസണിൽ ഏറ്റവും മികവ് കാട്ടി ഞെട്ടിച്ച പേസ് ബൗളർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സൺറൈസേഴ്‌സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്കും രാജസ്ഥാൻ റോയൽസ് താരമായ കുൽദീപ് സെന്നുമാണ് ഈ സീസണിലെ ഏറ്റവും മികച്ച പേസ് ബൗളർമാർ എന്നാണ് ഗാംഗുലി പറയുന്നത്.

സീസണിൽ ഒരു അഞ്ച് വിക്കറ്റ് നേട്ടമുൾപ്പടെ 12 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് ഉമ്രാൻ മാലിക്ക് നേടിയത്. തുടർച്ചയായി 150 കിലോമീറ്ററിന് മുകളിൽ വേഗതയിൽ പന്തെറിയുന്ന ബൗളർ കൂടിയാണ് ഉമ്രാൻ. എത്രപേര്‍ക്ക് 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനാകുമെന്നും അധികം പേര്‍ക്കൊന്നും അതിന് കഴിയില്ലെന്നും ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. ദേശീയ ടീമിലേക്ക് ഉമ്രാന്‍ തെരഞ്ഞെടുക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്നും ഉമ്രാനെ വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

Read More: “മുംബൈ ഇന്ത്യൻസിൽ ഒരുമിച്ച് ചിലവഴിച്ച പ്രിയപ്പെട്ട ഓർമ്മകൾ മനസ്സിലുണ്ട്..”; ആൻഡ്രൂ സൈമണ്ട്‌സിന്റെ ഓർമ്മയിൽ സച്ചിൻ ടെണ്ടുൽക്കർ പങ്കുവെച്ച കുറിപ്പ്

അതേ സമയം കുൽദീപ് സെന്നും ടി നടരാജനും മികച്ച പേസ് ബൗളർമാരാണെന്നും അവരുടെ പ്രകടനങ്ങളും എടുത്ത് പറയേണ്ടതുണ്ടെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. അതോടൊപ്പം തന്നെ ഈ ഐപിഎൽ സീസണിൽ ബൗളർമാർ വലിയ മികവ് കാട്ടിയത് താൻ വളരെ സന്തോഷത്തോടെയാണ് കാണുന്നതെന്നും സൗരവ് ഗാംഗുലി കൂട്ടിച്ചേർത്തു.

Story Highlights: Sourav ganguly selects two best pace bowlers in this ipl season