മുത്തച്ഛന്റെ ഓർമകളിൽ നിറകണ്ണുകളോടെ പാട്ടുപാടി ആൻ ബെൻസൺ; സ്നേഹത്തോടെ ചേർത്തുനിർത്തി ടോപ് സിംഗർ വേദി

May 4, 2022

മൗനസരോവരമാകെയുണർന്നു
സ്നേഹമനോരഥവേഗമുയർന്നു
കനകാംഗുലിയാൽ തംബുരു മീട്ടും
സുരസുന്ദരിയാം യാമിനിപോലും
പാടുകയായ് മധുഗാനം…… കെ എസ് ചിത്രയുടെ മധുരശബ്ദത്തിലൂടെ മലയാളികൾ കേട്ടാസ്വദിച്ച ഗാനം ഒരിക്കൽ കൂടി സംഗീതപ്രേമികളുടെ ഹൃദയത്തിലേക്ക് എത്തിക്കുകയാണ് ടോപ് സിംഗർ വേദിയിലെ കൊച്ചുഗായിക ആൻ ബെൻസൺ. മുതിർന്നവർക്ക് പോലും പാടാൻ ഏറെ ബുദ്ധിമുട്ടുള്ള ഗാനം വളരെ അനായാസം അതിഗംഭീരമായാണ് ഈ കുഞ്ഞുഗായിക വേദിയിൽ ആലപിക്കുന്നത്. ആൻ ബെൻസന്റെ പാട്ടിന് ശേഷം എഴുന്നേറ്റ് നിന്ന് കൈയടിച്ചുകൊണ്ടാണ് വേദി ഈ കുരുന്നിനെ അഭിനന്ദിച്ചത്.

അതേസമയം ‘സവിധം’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന് വരികൾ ഒരുക്കിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. സംഗീതം ജോൻസൺ മാസ്റ്ററുടേതാണ്. ജോൺസൺ മാസ്റ്ററുടെ സംഗീതത്തിൽ ഒരുങ്ങി കെ എസ് ചിത്ര പാടി അനശ്വരമാക്കിയ ഗാനവുമായി ഈ കുഞ്ഞുഗായിക ടോപ് സിംഗർ വേദിയിൽ എത്തുമ്പോൾ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.

നിറകണ്ണുകളോടെയാണ് ഈ കുരുന്ന് പാട്ട് പാടി അവസാനിപ്പിക്കുന്നത്. തന്റെ മുത്തച്ഛന് ഏറെ പ്രിയപ്പെട്ട ഗാനം ഈ വേദിയിലൂടെ താൻ പാടി കേൾക്കുന്നതിന് മുൻപുതന്നെ തങ്ങളെ വിട്ടകന്ന മുത്തച്ഛന്റെ ഓർമ്മകളിലാണ് ഈ കുഞ്ഞുമോൾ. അതേസമയം പാട്ടിന് ശേഷം ഈ കുരുന്നിനെ ചേർത്ത് നിർത്തുകയാണ് ടോപ് സിംഗർ വേദിയും. വിധികർത്താക്കളായ എം ജയചന്ദ്രൻ. എം ജി ശ്രീകുമാർ, ഗായിക ബിന്നി കൃഷ്ണകുമാർ എന്നിവർ സ്നേഹ ലാളനകളോടെയാണ് ഈ കുരുന്നിനെ വേദിയിൽ നിന്നും പറഞ്ഞയയ്ക്കുന്നത്.

Read also: ജോൺസൺമാസ്റ്ററുടെ ഓർമ്മകളുമായി അമൃതവർഷിണിയുടെ ഗാനം; പാട്ട് വേദിയിലെ അനുഗ്രഹീത നിമിഷങ്ങൾ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. സമൂഹമാധ്യമങ്ങളിലും ടോപ് സിംഗർ എപ്പിസോഡുകൾ ശ്രദ്ധേയമാകാറുണ്ട്. ഓരോ ദിവസങ്ങളിലും വളരെയധികം വൈവിധ്യമാർന്ന എപ്പിസോഡുകളാണ് ടോപ് സിംഗർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story highlights: Ann Benson Heart Touching Performance