അവസാന ഓവറുകളിൽ തകർത്തടിച്ച് ദിനേശ് കാർത്തിക്ക്; ചെന്നൈക്കെതിരെ മികച്ച സ്കോർ നേടി ബാംഗ്ലൂർ
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് എടുത്തിരിക്കുന്നത്. 42 റണ്‍സെടുത്ത മഹിപാല്‍ ലോമറോറുടെയും 38 റൺസെടുത്ത നായകൻ ഫാഫ് ഡുപ്ലെസിയുടെയും ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ മികച്ച സ്കോർ കണ്ടെത്തിയത്.
30 റൺസെടുത്ത മുൻ നായകൻ വിരാട് കോലിയും മികച്ച പ്രകടനമാണ് ടീമിനായി കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ ബാംഗ്ലൂർ ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ചു ദിനേശ് കാർത്തിക്ക് ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്കെത്തിച്ചു. 17 പന്തിൽ 26 റൺസാണ് കാർത്തിക്ക് പുറത്താവാതെ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 3 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 22 റൺസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതേ ടീമിനെ നിലനിർത്തിയാണ് ബാംഗ്ലൂർ ഇന്നിറങ്ങിയത്. എന്നാൽ ചെന്നൈ ടീമിൽ ഒരു മാറ്റമുണ്ടായിരുന്നു.മിച്ചല്‍ സാന്റ്നര്‍ക്ക് പകരം മൊയീന്‍ അലി ഇന്ന് ചെന്നൈക്കായി കളിക്കാനിറങ്ങുകയായിരുന്നു.
അതേ സമയം ചെന്നൈയും ആർസിബിയും ഈ സീസണിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ മികച്ച വിജയമാണ് ചെന്നൈ നേടിയത്. 23 റൺസിനാണ് ചെന്നൈ ആർസിബിയെ തകർത്തത്. 217 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് 20 ഓവർ പൂർത്തിയായപ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 193 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 4 വിക്കറ്റെടുത്ത മഹീഷ് തീക്ഷണയും 3 വിക്കറ്റുകൾ കൊയ്ത രവീന്ദ്ര ജഡേജയുമാണ് ആർസിബിയുടെ ബാറ്റിംഗ് നിരയെ തകർത്തത്. 41 റണ്‍സെടുത്ത ഷഹാബാസ് അഹമ്മദായിരുന്നു ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍.
റോബിൻ ഉത്തപ്പയുടെയും ശിവം ദുബെയുടെയും അതിഗംഭീരം എന്ന് വിശേഷിപ്പിക്കേണ്ട ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ചെന്നൈ സൂപ്പർ കിങ്സ് കൂറ്റൻ സ്കോർ നേടിയത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഇരുവരും 165 റൺസാണ് ചെന്നൈക്ക് വേണ്ടി അടിച്ചു കൂട്ടിയത്.
Story Highlights: Bangalore gets good score against chennai