വമ്പൻ വിജയം ലക്ഷ്യമിട്ട് ബാംഗ്ലൂർ; ഐപിഎല്ലിൽ ഗുജറാത്തിനെതിരെ ആർസിബിക്ക് ഇന്ന് നിർണായക മത്സരം
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ഇന്ന് നിർണായക മത്സരത്തിനാണ് ഇറങ്ങുന്നത്. ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെതിരെ വമ്പൻ ജയം നേടിയാൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്താൻ കഴിയൂ.
ഇന്നത്തെ മത്സരത്തിലെ ജയത്തോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലത്തെയും ആശ്രയിക്കുന്നതിനാൽ ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് പ്രവേശിക്കണമെങ്കിൽ ഇന്ന് വമ്പൻ വിജയം നേടേണ്ടി വരും. ഇന്ന് ജയിച്ചാലും അടുത്ത മത്സരത്തിൽ ഡൽഹി തോറ്റാൽ മാത്രമേ ബാംഗ്ലൂരിന് പോയിന്റ് ടേബിളിൽ ആദ്യ നാലിൽ എത്താൻ കഴിയൂ.
ബാറ്റിങ്ങിൽ വിരാട് കോലി, ഫാഫ് ഡുപ്ലെസി, ഗ്ലെൻ മാക്സ്വെൽ, രജത് പട്ടിദാർ, ദിനേശ് കാർത്തിക് എന്നിവർ തിളങ്ങുമെന്നാണ് ബാംഗ്ലൂർ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഫോം നഷ്ടപ്പെട്ട ജോഷ് ഹേസല്വുഡ്, മുഹമ്മദ് സിറാജ് എന്നിവർ മികച്ച ബൗളിംഗ് പ്രകടനം ഇന്നത്തെ മത്സരത്തിൽ പുറത്തെടുക്കുമെന്നാണ് ആർസിബി ഉറച്ചു വിശ്വസിക്കുന്നത്.
മറുവശത്ത് സമ്മർദ്ദങ്ങളൊട്ടും ഇല്ലാതെയാണ് ഗുജറാത്ത് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. പ്ലേ ഓഫ് നേരത്തെ തന്നെ ഉറപ്പിച്ച ഗുജറാത്ത് ഇന്നത്തെ മത്സരം കൂടി ജയിച്ചു ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ വിജയത്തേരോട്ടം സമ്പൂർണ്ണമാക്കാനാവും ശ്രമിക്കുന്നത്. സീസണിൽ ഇതിന് മുൻപ് ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂരിനെ കീഴടക്കിയ ആത്മവിശ്വാസവുമായാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്.
അതേ സമയം കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ കനത്ത തോൽവിയാണ് ബാംഗ്ലൂർ നേരിട്ടത്. പഞ്ചാബ് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് നിശ്ചിത ഓവർ പൂർത്തിയായപ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുക്കാനേ കഴിഞ്ഞുള്ളു.
Story Highlights: Bangalore vs gujarat ipl match today