ചെന്നൈയെ വീഴ്ത്തി ആദ്യ നാലിൽ സ്ഥാനം പിടിച്ച് ബാംഗ്ലൂർ; ആർസിബിയുടെ വിജയം 13 റൺസിന്

May 4, 2022

മുൻ ഇന്ത്യൻ നായകന്മാരുടെ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ 13 റൺസിനാണ് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വീഴ്ത്തിയത്. ബാംഗ്ലൂർ ഉയർത്തിയ 174 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 56 റണ്‍സെടുത്ത ഡെവോണ്‍ കോൺവേ ചെന്നൈക്കായി മികച്ച ബാറ്റിംഗ് പുറത്തെടുത്തു.

ചെന്നൈയുടെ 3 വിക്കറ്റ് പിഴുത ഹർഷൽ പട്ടേൽ 2 വിക്കറ്റ് നേടിയ ഗ്ലെൻ മാക്സ്‌വെൽ എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് ബാംഗ്ലൂരിന്റെ വിജയത്തിൽ നിർണായകമായത്.

അതേ സമയം ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 173 റൺസ് എടുത്തത്. 42 റണ്‍സെടുത്ത മഹിപാല്‍ ലോമറോറുടെയും 38 റൺസെടുത്ത നായകൻ ഫാഫ് ഡുപ്ലെസിയുടെയും ബാറ്റിങ് മികവിലാണ് ബാംഗ്ലൂർ മികച്ച സ്‌കോർ കണ്ടെത്തിയത്.

30 റൺസെടുത്ത മുൻ നായകൻ വിരാട് കോലിയും മികച്ച പ്രകടനമാണ് ടീമിനായി കാഴ്‌ചവെച്ചത്. ഒരു ഘട്ടത്തിൽ ബാംഗ്ലൂർ ബാറ്റിംഗ് തകർച്ച നേരിട്ടപ്പോൾ അവസാന ഓവറുകളിൽ തകർത്തടിച്ചു ദിനേശ് കാർത്തിക്ക് ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്കെത്തിച്ചു. 17 പന്തിൽ 26 റൺസാണ് കാർത്തിക്ക് പുറത്താവാതെ നേടിയത്.

മത്സരത്തിൽ വിജയിച്ചതോട് കൂടി ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി. എന്നാൽ ഇന്നത്തെ തോൽവിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുകയാണ്.

Read More: മിന്നൽ മാലിക്ക്; ‘തല’ ധോണിക്കെതിരെ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതേ ടീമിനെ നിലനിർത്തിയാണ് ബാംഗ്ലൂർ ഇന്നിറങ്ങിയത്. എന്നാൽ ചെന്നൈ ടീമിൽ ഒരു മാറ്റമുണ്ടായിരുന്നു.മിച്ചല്‍ സാന്‍റ്നര്‍ക്ക് പകരം മൊയീന്‍ അലി ഇന്ന് ചെന്നൈക്കായി കളിക്കാനിറങ്ങുകയായിരുന്നു.

Story Highlights: Bangalore won by 13 runs against chennai