കിങ് കോലിയുടെ തകർപ്പനടിയിൽ ഗുജറാത്ത് കീഴടക്കി ബാംഗ്ലൂർ; നേടിയത് വമ്പൻ വിജയം

May 20, 2022

ഗുജറാത്തിനെതിരെ രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിനിറങ്ങിയ ബാംഗ്ലൂരിന് വമ്പൻ വിജയം. 169 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂര്‍ മുന്‍ നായകന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

73 റൺസുമായി കോലി ബാംഗ്ലൂരിന്റെ ടോപ് സ്കോററായപ്പോൾ 44 റൺസെടുത്ത ആർസിബി നായകൻ ഫാഫ് ഡുപ്ലെസിയും അവസാന ഓവറുകളിലെ തകർപ്പനടിയിലൂടെ 40 റൺസ് സ്വന്തമാക്കിയ ഗ്ലെൻ മാക്‌സ്‌വെല്ലും കോലിക്ക് മികച്ച പിന്തുണ നൽകി.

നിർണായക മത്സരത്തിനാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ഇന്നിറങ്ങിയത്. ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെതിരെ വമ്പൻ ജയം നേടിയാൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്താൻ കഴിയുമായിരുന്നുള്ളൂ.

ഇന്നത്തെ മത്സരത്തിലെ ജയത്തോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലത്തെയും ആശ്രയിക്കുന്നതിനാൽ ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് പ്രവേശിക്കണമെങ്കിൽ ഇന്ന് വമ്പൻ വിജയം നേടി നെറ്റ് റൺ റേറ്റ് ഉയർത്തേണ്ടതുണ്ടായിരുന്നു. ഇത് തന്നെയാണ് ബാംഗ്ലൂർ ഇന്ന് ചെയ്തതും. തുടക്കം മുതൽ വമ്പൻ വിജയം നേടാനുറച്ചു തന്നെയാണ് ബാംഗ്ലൂർ ബാറ്റർമാർ ബാറ്റ് വീശിയത്.

Read More: ക്രിക്കറ്റിലും ജീവിതത്തിലും ചില ദിവസങ്ങൾ അങ്ങനെയാണ്, വിജയത്തിനരികെ എല്ലാം കൈ വിട്ട് പോവും; അവിശ്വസനീയ പ്രകടനം കാഴ്‌ചവെച്ച റിങ്കു സിങ്ങിന് ക്രിക്കറ്റ് ആരാധകരുടെ കൈയടി

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് തുടക്കത്തിൽ തന്നെ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. അർധ സെഞ്ചുറിയുമായി നായകൻറെ പ്രകടനം കാഴ്‌ചവെച്ച ഹർദിക് പാണ്ഡ്യ നേടിയ 62 റൺസിന്റെ കരുത്തിലാണ് ഗുജറാത്ത് നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 168 റൺസ് നേടിയത്.

ഇന്നത്തെ മത്സരത്തിൽ ജയിച്ച് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തിയെങ്കിലും അടുത്ത മത്സരത്തിൽ ഡൽഹി തോറ്റാൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് കടക്കാൻ കഴിയൂ.

Story Highlights: Bangalore won by 8 wickets against gujarat, kohli hits a half century