ദീപിക മുതൽ മാധവൻ വരെ; കാനിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ

May 18, 2022

ലോകപ്രശസ്‌തമായ കാൻ ഫിലിം ഫെസ്റ്റിവലാണ് ഇപ്പോൾ സിനിമാലോകത്ത് ചർച്ചാവിഷയം. റെഡ് കാർപറ്റിൽ തിളങ്ങാൻ ഒട്ടേറെ ഇന്ത്യൻ താരങ്ങൾക്കും അവസരം ലഭിച്ചു എന്നതാണ് ശ്രദ്ധേയം.റെഡ് കാർപറ്റിൽ സാരിയിൽ തിളങ്ങിയ ദീപിക പദുക്കോൺ മുതൽ തമിഴ് നടൻ മാധവൻ വരെ നിറഞ്ഞ കാൻ താരനിബിഡമായി മാറുകയാണ്. കാൻ 2022-ലെ ഒന്നാം ദിവസത്തിൽ തിളങ്ങിയ ഇന്ത്യൻ താരങ്ങൾ ഇവരൊക്കെയാണ്.

75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ ജൂറി അംഗമെന്ന നിലയിൽ ദീപിക പദുക്കോൺ സജീവമായിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച്, കറുപ്പും സ്വർണ്ണ നിറവും കലർന്ന സാരിയാണ് നടി തിരഞ്ഞെടുത്തത്.

കാൻ 2022-ൽ ആദ്യമായി എത്തിയ താരമാണ് തമന്ന ഭാട്ടിയ. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് വേഷത്തിലാണ് നടി എത്തിയത്. ഐ ആൻഡ് ബി മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ഭാഗമാണ് തമന്ന. ഫെസ്റ്റിവലിന്റെ ഭാഗമാകുന്നതിന്റെ ആവേശം താരം പ്രകടിപ്പിച്ചിരുന്നു. എ ആർ റഹ്മാൻ, പൂജ ഹെഗ്‌ഡെ, നവാസുദ്ദീൻ സിദ്ദിഖി, ആർ മാധവൻ, ശേഖർ കപൂർ എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.

ഉർവ്വശി റൗട്ടേലയും കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ അരങ്ങേറ്റം കുറിച്ചു. നീളമുള്ള വെളുത്ത ഓഫ് ഷോൾഡർ റഫിൾ ഗൗൺ ആണ് നടി ധരിച്ചിരുന്നത്.എഴുപത്തിയഞ്ചാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമാ സെലിബ്രിറ്റികൾ ഇനിയും എത്താനുണ്ട്. ഭർത്താവും നടനുമായ അഭിഷേക് ബച്ചനും മകൾ ആരാധ്യക്കുമൊപ്പം കാനിലെത്തിയ ഐശ്വര്യ റായ് ബച്ചനും റെഡ് കാർപെറ്റിൽ ഉടനെത്തും.

Read Also: സൈമണ്ട്സിന്റെ ചേതനയറ്റ ശരീരം വിട്ടുപോകാൻ കൂട്ടാക്കാതെ വളർത്തുനായ്ക്കൾ; കണ്ടു നിന്നവരുടെ കണ്ണ് നിറഞ്ഞ നിമിഷം

കാൻ ഫിലിം മാർക്കറ്റിലെ ഇന്ത്യൻ പവലിയൻ മേളയിൽ ആറ് ചിത്രങ്ങൾ ആണ് അവതരിപ്പിക്കുന്നത് . റോക്കട്രി – ദി നമ്പി ഇഫക്റ്റ് (ഹിന്ദി, ഇംഗ്ലീഷ്, തമിഴ്), ഗോദാവരി (മറാത്തി), ആൽഫ ബീറ്റാ ഗാമ (ഹിന്ദി), ബൂംബാ റൈഡ് (മിഷിംഗ്), ധുയിൻ (മൈഥിലി), നിറയെ തത്തകളുള്ള മരം (മലയാളം) എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.

Story highlights- cannes 2022 bollywood stars