ബാസ്കറ്റ് കില്ലിംഗ് ചുരുളഴിക്കാൻ സിബിഐ; ട്വിസ്റ്റുകളുടെ അയ്യരുകളിയുമായി ‘ദി ബ്രെയിൻ’-റിവ്യൂ
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിബിഐ പരമ്പരയുടെ അഞ്ചാം ഭാഗമായ ദി ബ്രെയിൻ. വെള്ളിത്തിരയില് മമ്മൂട്ടി അവിസ്മരണീയമാക്കിയ സോതുരാമയ്യര് സിബിഐ വീണ്ടുമെത്തുന്ന ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ തിയേറ്റർ റിലീസായി എത്തിയ ചിത്രത്തിനെ വരവേറ്റത്. പതിവ് താരനിരയ്ക്ക് പുറമെ മലയാളസിനിമയിലെ ഒട്ടേറെ പരിചിതമുഖങ്ങളും പുതുമുഖങ്ങളും അണിനിരന്ന ചിത്രം ബാസ്കറ്റ് കില്ലിംഗ് പ്രമേയമാക്കി ഒരുക്കിയതാണ്.
സംവിധായകന് കെ മധു, തിരക്കഥാകൃത്ത് എസ് എന് സ്വാമി, നിര്മാതാവ് സ്വര്ഗചിത്ര അപ്പച്ചന്, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടുമെത്തുമ്പോൾ ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത് വാനോളം പ്രതീക്ഷയാണ്. എന്നാൽ, 33 വർഷത്തിനിടയിലിറങ്ങിയ മറ്റു സിബിഐ പരമ്പരകളെ അപേക്ഷിച്ച് ദി ബ്രെയിൻ അല്പം നിരാശ സമ്മാനിച്ചെന്നാണ് ആസ്വാദകരുടെ അഭിപ്രായം. മേക്കിങ്ങിലെ ചെറിയ പാളിച്ചകളും വിഷ്വൽ ക്വാളിറ്റിയുമാണ് പ്രധാനമായും ഈ അഭിപ്രായത്തിന് കാരണമാകുന്നത്.
എന്നാൽ പുതുമയുള്ള ഒരു വിഷയം ട്വിസ്റ്റുകളുടെ അയ്യരുകളിയുമായി അവതരിപ്പിച്ചു എന്നതിൽ അണിയറപ്രവർത്തകർ വിജയിച്ചു. കേരള രാഷ്ട്രീയത്തിൽ നടന്ന ഒരു മരണവും അതിനെ തുടർന്നുണ്ടായ കൊലപാതകങ്ങളുമായുള്ള ഒരു പ്രമാദ കേസ് കേരള പോലീസിൽ നിന്നും സിബിഐ അന്വേഷണത്തിലേക്ക് എത്തുന്നു. ഇതുവരെയുള്ള സിബിഐ പരമ്പരകളിൽ അതിബുദ്ധിപരമായി പ്രത്യേകം ബുദ്ധിമുട്ടുകളില്ലാതെ കേസ് തെളിയിച്ചിരുന്ന സിബിഐ ടീമിന് ഈ കേസ് നിർണായകമായി മാറുന്നതും പിന്നീട് പ്രതികളെ തേടിയുള്ള അന്വേഷണത്തിൽ വന്നുചേരുന്ന ഒട്ടേറെ ട്വിസ്റ്റുകളുമാണ് ദി ബ്രെയിൻ എന്ന ചിത്രത്തെ നയിക്കുന്നത്.
മുൻ ചിത്രങ്ങളിലെ താരനിരയായിരുന്ന മമ്മൂട്ടി, മുകേഷ്, ജഗതി, സായി കുമാർ എന്നിവർക്കൊപ്പം രഞ്ജി പണിക്കർ, രമേഷ് പിഷാരടി, ആശ ശരത്ത്, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, കനിഹ, അനൂപ് മേനോൻ, സുദേവ് നായർ, അൻസിബ ഹസൻ, ഇടവേള ബാബു, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക വിജയ് എന്നിങ്ങനെ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. താരങ്ങളുടെ അതിപ്രസരവും ചെറിയ ചില ആശയക്കുഴപ്പങ്ങൾ കഥാഗതിയിൽ സൃഷ്ടിക്കുന്നുണ്ട്.
ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. സിബിഐ പരമ്പരയിലെ മറ്റ് നാല് ചിത്രങ്ങള്ക്കും സംഗീതമൊരുക്കിയത് ശ്യാം ആണ്. അന്നുമുതൽ മനസിൽ പതിഞ്ഞ ഐക്കണിക്ക് സംഗീതത്തിന് അല്പം കൂടി മാറ്റുകൂട്ടി അയ്യരുടെ വരവിനൊപ്പം ചേർത്തിരിക്കുന്നു. മറ്റു പുതുമയാർന്ന പശ്ചാത്തല സംഗീതവും ചിത്രത്തിലുണ്ടെങ്കിലും സേതുരാമയ്യരുടെ ഹിറ്റ് മ്യൂസിക് തന്നെയാണ് തിയേറ്ററിൽ നിന്നിറങ്ങിയാലും മനസ്സിൽ നിൽക്കുക.
Read Also: ഒന്നാം രാഗം പാടി ശ്യാം, ഇവനെ കിട്ടിയാൽ ജീവനോടെ കൊണ്ടുവരണമെന്ന് വേണുഗോപാൽ, രസകരമായ വിഡിയോ
മുൻ സിബിഐ പരമ്പരകളിൽ സേതുരാമ അയ്യർക്കും ചാക്കോയ്ക്കും ഒപ്പം എത്തിയിരുന്ന വിക്രം ആയിരുന്നു സിനിമയുടെ ഏറ്റവും പ്രധാന ആകർഷണം. ജഗതിയുടെ തിരിച്ചുവരവിനെ അടയാളപ്പെടുത്തിയ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച വിക്രം ഒരു നിർണായക വഴിത്തിരിവാകുന്നുണ്ട്. പ്രകടനംകൊണ്ട് എല്ലാരും മികവ് പുലർത്തിയെങ്കിലും സായി കുമാറാണ് ഒരുപടികൂടി മുന്നിൽ.
പ്രേക്ഷകര്ക്ക് അപരിചിതമായ ബാസ്കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയും അന്വേഷണവും വിശദമായിത്തന്നെ പ്രേക്ഷാകരിലേക്ക് എത്തിക്കുന്നുണ്ട്. ഒരു ക്രൈം ത്രില്ലർ എന്ന നിലയിൽ ‘സിബിഐ 5- ദി ബ്രെയിൻ’ പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.
Story highlights- CBI 5; THE BRAIN REVIEW