‘ഇതാണ് യഥാർത്ഥ ചാമ്പിക്കോ’; പാട്ട് വേദിയിൽ ഒരു ചാമ്പിക്കോ നിമിഷം

May 14, 2022

സമൂഹമാധ്യമങ്ങളിൽ ഈ അടുത്ത് ഏറ്റവും കൂടുതൽ വൈറലായത് ചാമ്പിക്കോ വിഡിയോകളാണ്. മമ്മൂട്ടിയുടെ ‘ഭീഷ്മപർവ്വത്തിലെ’ വലിയ ജനപ്രീതി നേടിയ ഡയലോഗാണ് ചാമ്പിക്കോ എന്ന ഡയലോഗ്. ഈ ഡയലോഗ് പശ്ചാത്തലത്തിൽ കേൾപ്പിച്ച് ഫോട്ടോ എടുക്കുന്നതിന്റെ വിഡിയോകളാണ് കഴിഞ്ഞ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായത്.

ഇപ്പോൾ ടോപ് സിംഗർ വേദിയിലും ഒരു ചാമ്പിക്കോ നിമിഷം ഉണ്ടായിരിക്കുകയാണ്. ചാമ്പിക്കോ എന്ന വാക്ക് ഏറെ അന്വർത്ഥമായി മാറിയ ഒരു നിമിഷം കൂടിയായി ഇത് മാറുകയായിരുന്നു. സംഗീത വേദിയിലെ അവതാരകയായ മീനാക്ഷി വേദിയിൽ തിരിച്ചെത്തിയ എപ്പിസോഡിലായിരുന്നു രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്.

പാട്ട് വേദിയിലെ അതിഥി വിധികർത്താവായി എത്തിയ ഗായികയാണ് ബിന്നി കൃഷ്ണകുമാർ. തനിക്ക് ചാമ്പയ്ക്ക ഏറെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴാണ് ഇപ്പോൾ ചാമ്പയ്ക്ക കൊണ്ട് വന്നാൽ എത്രയെണ്ണം കഴിക്കുമെന്ന് ഗായകൻ എം ജി ശ്രീകുമാർ ബിന്നിയോട് ചോദിക്കുന്നത്. ഏറ്റവും കുറഞ്ഞത് പത്തെണ്ണമെങ്കിലും കഴിക്കാമെന്ന് ഗായിക ഉറപ്പ് കൊടുത്തപ്പോഴാണ് വേദിയിലേക്ക് ചാമ്പയ്ക്ക കൊണ്ട് വരുന്നത്.

ഒടുവിൽ വിധികർത്താക്കളും അവതാരകരായ മീനാക്ഷിയും ശ്രേയയും ചാമ്പയ്ക്ക കഴിച്ചു തുടങ്ങുമ്പോഴാണ് എം ജയചന്ദ്രൻ ചാമ്പിക്കോ ഡയലോഗ് പറയുന്നത്. ഇതിന് പിന്നാലെയാണ് ഗായകൻ എം ജി ശ്രീകുമാർ ഇതാണ് യഥാർത്ഥ ചാമ്പിക്കോ എന്ന് പറയുന്നത്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രസകരമായ നിമിഷങ്ങൾക്കാണ് വേദി സാക്ഷ്യം വഹിച്ചത്.

Read More: പരീക്ഷ കഴിഞ്ഞ് മീനൂട്ടിയെത്തി; ഹൃദ്യമായി സ്വീകരിച്ച് പാട്ടുവേദി

മലയാളികളുടെ ഇഷ്‌ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.

Story Highlights: Champikko moment in top singer