മൊയീൻ അലിയുടെ ഒറ്റയാൻ പ്രകടനത്തിൽ ഭേദപ്പെട്ട സ്‌കോർ നേടി ചെന്നൈ; മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച് രാജസ്ഥാൻ

May 20, 2022

മൊയീൻ അലിയുടെ ഒറ്റയാൻ പ്രകടനത്തിന്റെ ബലത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഭേദപ്പെട്ട സ്‌കോർ നേടി ചെന്നൈ സൂപ്പർ കിങ്‌സ്. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും പിന്നീട് 57 പന്തില്‍ 93 റണ്‍സെടുത്ത മൊയീന്‍ അലിയുടെ ഇന്നിംഗ്‌സിലൂടെ ചെന്നൈ നിശ്ചിത ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്‌ടത്തിൽ 150 റൺസാണ് അടിച്ചു കൂട്ടിയത്.

ചെന്നൈ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാൻ മികച്ച ബാറ്റിങ്ങാണ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ 8 ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 67 റൺസാണ് രാജസ്ഥാൻ എടുത്തിരിക്കുന്നത്.

ബാറ്റിംഗ് തകർച്ചയോടെയാണ് ചെന്നൈ തുടങ്ങിയത്. ആദ്യ ഓവറില്‍ തന്നെ മികച്ച ഫോമിലുള്ള ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിനെ ട്രെൻഡ് ബോള്‍ട്ട് നായകന്‍ സഞ്ജു സാംസണിന്‍റെ കൈകളിലെത്തിച്ചു. പിന്നീടാണ് മൊയീൻ അലി ചെന്നൈയുടെ രക്ഷയ്ക്കെത്തിയത്. തുടർച്ചയായ ഓവറുകളിൽ രാജസ്ഥാൻ ബൗളർമാരെ തകർത്തടിച്ച താരം വെറും 19 പന്തിലാണ് അർധ സെഞ്ചുറി നേടിയത്.

പക്ഷെ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന മികച്ച നിലയിൽ നിന്ന ചെന്നൈക്ക് പിന്നീടങ്ങോട്ട് കാലിടറി. രാജസ്ഥാനുവേണ്ടി മക്കോയ് നാലോവറില്‍ 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ നാലോവറില്‍ 26 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു.

Read More: ക്രിക്കറ്റിൽ നിന്ന് ഇടവേള എടുക്കുമെന്ന് വിരാട് കോലി, എന്നാൽ ദീർഘ കാല ഇടവേളയാവില്ല; സൂചന നൽകി താരം

കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗവിനെ തോൽപ്പിച്ച് രാജസ്ഥാൻ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഇന്നത്തെ മത്സരത്തിൽ ജയിച്ച് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറാനാവും സഞ്ജുവിന്റെ ടീം ശ്രമിക്കുന്നത്. ഒന്നാം ക്വാളിഫയറിൽ സ്ഥാനം നേടാൻ രാജസ്ഥാന് ഇന്ന് മികച്ച വിജയം തന്നെ നേടേണ്ടി വരും.

Story Highlights: Chennai gets a decent score against rajasthan