പ്ലേ ഓഫിനായുള്ള പോരാട്ടം; ഐപിഎല്ലിൽ ഇന്ന് ഡൽഹിക്കും പഞ്ചാബിനും നിർണായക മത്സരം

May 16, 2022

ഇന്നലത്തെ മത്സരത്തിൽ ലഖ്‌നൗവിനെതിരെ മികച്ച വിജയം നേടിയതോടെ രാജസ്ഥാൻ റോയൽസ് ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്‌ച ചെന്നൈക്കെതിരെ നടക്കുന്ന മത്സരത്തിൽ ജയം നേടാനായാൽ രാജസ്ഥാൻ ഗുജറാത്തിന് ശേഷം പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി മാറും.

അത് കൊണ്ട് തന്നെ ഇന്ന് 7.30 ന് മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പരസ്‌പരം ഏറ്റുമുട്ടുന്ന ഡൽഹി ക്യാപിറ്റൽസിനും പഞ്ചാബ് കിങ്‌സിനും നിർണായകമാണ് ഇന്നത്തെ മത്സരം. ഈ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി പ്ലേ ഓഫ് സാധ്യത നിലനിർത്താനാവും ഇരു ടീമുകളും ഇന്ന് ശ്രമിക്കുന്നത്. അതിനാൽ തന്നെ വാശിയേറിയ പോരാട്ടമായിരിക്കും ഇന്ന് നടക്കാൻ പോകുന്നതെന്ന കാര്യത്തിൽ സംശയമില്ല.

427 റൺസുമായി ടോപ് സ്കോററായ ഡേവിഡ് വാർണർ, നായകനായ ഋഷഭ് പന്ത്, മിച്ചൽ മാർഷ് എന്നിവരുടെ ബാറ്റിംഗ് മികവിനെയാണ് ഡൽഹി ക്യാപിറ്റൽസ് ആശ്രയിക്കുന്നത്. മികച്ച ഫോമിലുള്ള വാർണർ ഇന്നത്തെ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കും എന്ന് തന്നെയാണ് ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ. ബോളിംഗിൽ കുൽദീപ് യാദവിനെയാണ് ഡൽഹി ആശ്രയിക്കുന്നത്. ഈ സീസണിൽ 16 വിക്കറ്റ് നേടിയിട്ടുള്ള താരം മികച്ച ഫോമിലാണ്.

അതേ സമയം ജോണി ബെയ്ർസ്റ്റോ, ലയാം ലിവിങ്സ്റ്റൺ എന്നിവരുടെ ബാറ്റിങ്ങിൽ വലിയ പ്രതീക്ഷയാണ് പഞ്ചാബിനുള്ളത്. 21 വിക്കറ്റ് നേടിയിട്ടുള്ള കാഗിസോ റബാഡയാണ് പഞ്ചാബിന്റെ ബൗളിംഗിനെ മുന്നിൽ നിന്ന് നയിക്കുന്നത്.

Read More: ഇവരാണ് സീസണിലെ ഏറ്റവും മികച്ച പേസർമാർ; തിരഞ്ഞെടുത്തത് സൗരവ് ഗാംഗുലി

12 പോയിന്റുകളാണ് ഇരു ടീമുകൾക്കുമുള്ളത്. ഇരുവരും 6 മത്സരങ്ങളിൽ ജയിക്കുകയും അത്ര തന്നെ മത്സരങ്ങളിൽ തോൽവി നേരിടുകയും ചെയ്‌തിരുന്നു. സീസണിന്റെ തുടക്കത്തിൽ ഡൽഹിയും പഞ്ചാബും ഏറ്റുമുട്ടിയപ്പോൾ ഡൽഹി 9 വിക്കറ്റിന്റെ വമ്പൻ വിജയം നേടിയിരുന്നു. പഞ്ചാബിൻറെ 115 റൺസ് ഡൽഹി 57 പന്ത് ശേഷിക്കേയാണ് മറികടന്നത്. ഈ തോൽവിക്ക് പകരം വീട്ടാൻ കൂടിയാവും പഞ്ചാബ് ഇന്നിറങ്ങുന്നത്.

Story Highlights: Delhi vs punjab ipl match today