പഞ്ചാബിനെ തകർത്ത് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി ഡൽഹി; ജയം 17 റൺസിന്
ഐപിഎല്ലിൽ മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മിന്നുന്ന വിജയം നേടി ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്. 17 റൺസിനാണ് ഡൽഹി പഞ്ചാബിനെ കീഴടക്കിയത്. ഡൽഹി ഉയർത്തിയ 160 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
പഞ്ചാബിന് വേണ്ടി 34 പന്തിൽ 44 റൺസെടുത്ത ജിതേഷ് ശർമയും 15 പന്തിൽ 28 റൺസെടുത്ത ബെയര്‍സ്റ്റോയും പൊരുതി നോക്കിയെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല. ഡൽഹിക്ക് വേണ്ടി വിലപ്പെട്ട 4 വിക്കറ്റുകൾ പിഴുത ഷാര്‍ദുല്‍ ഠാക്കൂറാണ് പഞ്ചാബിനെ തകർത്തത്. പഞ്ചാബിന്റെ 2 വിക്കറ്റുകൾ വീതം നേടിയ കുൽദീപ് യാദവും അക്സർ പട്ടേലും ഡൽഹിയുടെ വിജയത്തിൽ നിർണായക പ്രകടനമാണ് പുറത്തെടുത്തത്.
ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് 14 പോയിന്റാണുള്ളത്. ബാംഗ്ലൂരിനും അത്ര തന്നെ പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഡല്‍ഹി മുന്നിലാണ്.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് മിച്ചല്‍ മാര്‍ഷിന്റെയും സര്‍ഫറാസ് ഖാന്റെയും ബാറ്റിംഗ് മികവിൽ ഭേദപ്പെട്ട സ്കോറാണ് നേടിയത്. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് ഡൽഹി അടിച്ചു കൂട്ടിയത്.
Read More: ഇവരാണ് സീസണിലെ ഏറ്റവും മികച്ച പേസർമാർ; തിരഞ്ഞെടുത്തത് സൗരവ് ഗാംഗുലി
48 പന്തിൽ 63 റൺസെടുത്ത മിച്ചല്‍ മാര്‍ഷിന്റെയും 16 പന്തിൽ 32 റൺസെടുത്ത സര്‍ഫറാസ് ഖാന്റെയും തകർപ്പനടികളാണ് ഡൽഹിയെ മാന്യമായ സ്കോറിലെത്തിച്ചത്. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പഞ്ചാബിന്റെ ലിയാം ലിവിങ്സ്റ്റണാണ് ഡൽഹിയെ ഈ സ്കോറിൽ ഒതുക്കിയത്. ഡൽഹി നായകൻ ഋഷഭ് പന്ത്, സൂപ്പർ ബാറ്ററും ഡൽഹി നിരയിലെ ടോപ് സ്കോററുമായ ഡേവിഡ് വാർണർ, റോവ്മാന്‍ പവല്‍ എന്നിവരെയാണ് ലിവിങ്സ്റ്റൺ പവലിയനിലേക്ക് മടക്കിയത്. മത്സരത്തിലെ ആദ്യ പന്തിൽ തന്നെ വാർണർ ദീപക് ചാഹറിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു.
Story Highlights: Delhi won by 17 runs against punjab