“ആരംഭിക്കാം”; ‘വിക്രം’ ട്രെയ്‌ലർ ലോഞ്ച് മെയ് 15 ന്, സേവ് ദി ഡേറ്റുമായി ഡിസ്‌നി-ഹോട്ട്സ്റ്റാർ

May 10, 2022

ലോകമെങ്ങുമുള്ള ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസന്റെ ‘വിക്രം.’ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. ഉലകനായകൻ കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ‘മാസ്റ്റർ’ എന്ന സൂപ്പർഹിറ്റ് വിജയ് ചിത്രത്തിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ട്.

ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന്റെ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ. ഈ വരുന്ന മെയ് 15 നാണ് ചിത്രത്തിന്റെ ഓഡിയോ, ട്രെയ്‌ലർ ലോഞ്ചുകൾ നടക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സേവ് ദി തീയതി പോസ്റ്ററിലൂടെയാണ് ഹോട്ട്സ്റ്റാർ ചടങ്ങിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ചെന്നൈ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് ഓഡിയോ, ട്രെയ്‌ലർ ലോഞ്ചുകൾ നടക്കുന്നത്.

അതേ സമയം 100 കോടിയോളം രൂപയ്ക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ചിത്രത്തിന്റെ ഓൺലൈൻ വിതരണാവകാശം സ്വന്തമാക്കിയതെന്നാണ് സൂചന. റിലീസിന് മുൻപ് തന്നെ നടന്ന ചിത്രത്തിന്റെ ഈ വമ്പൻ ഓൺലൈൻ ബിസിനസ്സ് വലിയ ആവേശമാണ് പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്ലൈറ്റ് അവകാശം ഡിസ്‍നിക്കാണ്.

Read More: ഒടുവിൽ ബീസ്റ്റിലെ വൈറൽ ഗാനമെത്തി; ‘ഹലമിത്തി ഹബീബോ’ വിഡിയോ ഗാനം റിലീസ് ചെയ്‌തു

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഷിബു തമീൻസ് നേതൃത്വം നൽകുന്ന റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സിനാണ്. ലോകം മുഴുവൻ വമ്പൻ വിജയം നേടിയ എസ് എസ് രാജമൗലിയുടെ ആർആർആർ കേരളത്തിൽ വിതരണം ചെയ്തതും എച്ച് ആർ പിക്‌ചേഴ്‌സാണ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടാൻ സാധിച്ചതിൽ അത്യധികം സന്തോഷമുണ്ടെന്ന് നേരത്തെ ഷിബു തമീൻസ് പറഞ്ഞിരുന്നു. ലോകേഷ് കനകരാജ് ഒരു ഫാൻ ബോയ് എന്ന നിലയിൽ കൂടി സംവിധാനം നിർവഹിച്ച ചിത്രമായതിനാൽ വിക്രം ബോക്സ് ഓഫീസിൽ ബ്ലോക്ക് ബസ്റ്റർ ആകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Story Highlights: Disney Hotstar with save the date poster for vikram audio, trailer launch