മകന്റെ തൊപ്പിയെടുക്കാൻ മുതലയുടെ മുന്നിലേക്ക് പോയ അച്ഛൻ; സാഹസിക വിഡിയോ
ചില സന്ദർഭങ്ങളിൽ അപ്രതീക്ഷിതമായി അപകടകാരികളായ മൃഗങ്ങൾക്ക് മുന്നിലെത്തപ്പെടുന്ന മനുഷ്യരുണ്ട്. ഈ നിമിഷങ്ങളിൽ ഏത് വിധേനയും ജീവൻ രക്ഷിക്കാൻ ആയിരിക്കും മനുഷ്യൻ ശ്രമിക്കുക. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത് മകന്റെ തൊപ്പിയെടുക്കാൻ മുതലയുടെ അരികിലേക്ക് പോകുന്ന ഒരു പിതാവിന്റെ ദൃശ്യങ്ങളാണ്. വലിയ അപകടകരമായ ഒരു കാര്യമാണ് ഈ പിതാവ് വളരെ ലാഘവത്തോടെ ചെയ്തത്.
ഓസ്ട്രേലിയയിലെ കാക്കഡുവിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഇരതേടി മുന്നിലേക്ക് ഇഴഞ്ഞുവന്ന മുതലയുടെ മുന്നിൽ നിന്നും വളരെ കൂളായി മകന്റെ കളഞ്ഞുപോയ തൊപ്പി എടുക്കുകയാണ് ഈ പിതാവ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ചതോടെ നിരവധിപ്പേരാണ് ഇദ്ദേഹത്തിന്റെ ഈ പ്രവർത്തനത്തിനെതിരെ വിമർശനങ്ങളുമായി എത്തുന്നത്.
അതേസമയം മത്സ്യബന്ധനത്തിനിടെ വലിയൊരു മത്സ്യം തങ്ങളുടെ ചൂണ്ടയിൽ കുടുങ്ങിയ സന്തോഷത്തിലായിരുന്നു സ്കോട്ട് റോസ്കാരൻ എന്ന യുവാവ്. എന്നാൽ ഈ മത്സ്യത്തെ പിന്തുടർന്ന് പിന്നാലെ ഒരു മുതലയും എത്തി. ചൂണ്ടയിൽ നിന്നും മത്സ്യത്തെ വലിച്ചെടുക്കുന്നതിനിടെയാണ് മുതല റോസ്കാരന്റെ അരികിലെത്തിയത്. ഉടൻതന്നെ അവിടെ നിന്നും വേഗത്തിൽ മാറിയ യുവാവിന്റെ തലയിൽ നിന്നും അദ്ദേഹത്തിന്റെ തൊപ്പി താഴേക്ക് വീഴുകയായിരുന്നു. ഇത് കാര്യമാക്കാതെ യുവാവ് മത്സ്യത്തെ കരയിലേക്ക് വലിച്ചെറിഞ്ഞ് അവിടെ നിന്നും പിന്നോട്ടേക്ക് മാറി. എന്നാൽ ഈ സമയം വളരെ കൂളായി മുതലയെ കാര്യമാക്കാതെ ഈ യുവാവിന്റെ പിതാവ് അവിടെ നിന്നും തൊപ്പി എടുക്കുകയായിരുന്നു.
Read also: ബഹിരാകാശത്തുനിന്നുമൊരു ടിക് ടോക്ക് വിഡിയോ- ചരിത്രമെഴുതി സാമന്ത
സമീപത്ത് ഉണ്ടായിരുന്നവർ പകർത്തിയ ഈ ദൃശ്യങ്ങൾ ഇപ്പോൾ കാഴ്ചക്കാരിൽ മുഴുവൻ ഭീതി പരത്തുന്നുണ്ട്. അതേസമയം രണ്ടാമതൊന്ന് ആലോചിക്കാതെ വെറുമൊരു തൊപ്പിയ്ക്ക് വേണ്ടി മുതലയുടെ അരികിലെത്തിയ ആളുടെ പ്രവർത്തനത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.
Story highlights: fisherman risks life to save his sons hat