കോലിയുടെ അടുത്തേക്ക് ഓടി വന്ന ആരാധകനെ ഒറ്റയ്ക്ക് പൊക്കിയെടുത്ത് സുരക്ഷ ഉദ്യോഗസ്ഥൻ; ചിരി അടക്കാനാവാതെ വിരാട് കോലി-വൈറൽ വിഡിയോ

May 26, 2022

ഇന്നലെ നടന്ന എലിമിനേറ്റർ മത്സരത്തിന്റെ അവസാന ഓവറിൽ ഗ്രൗണ്ടിൽ അരങ്ങേറിയ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. ഗ്രൗണ്ടിലേക്ക് ഓടി ഇറങ്ങി വന്ന ഒരു ആരാധകനും അയാളെ പൊക്കിയെടുത്ത് പുറത്തേക്ക് കൊണ്ട് പോയ ഒരു സുരക്ഷ ഉദ്യോഗസ്ഥനുമാണ് ആരാധകരുടെ ഇടയിൽ ചിരി പടർത്തുന്നത്.

ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിലാണ് സംഭവം നടക്കുന്നത്. ലഖ്‌നൗവിന് ജയിക്കാൻ 3 പന്തിൽ 16 റൺസായിരുന്നു ആ സമയത്ത് വേണ്ടിയിരുന്നത്. ഇതിനിടെയാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഒരു ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്. ബാംഗ്ലൂർ താരം വിരാട് കോലിയുടെ അരികിലേക്കാണ് ആരാധകൻ ഓടിയടുത്തത്.

കോലി തന്നെയാണ് മത്സരത്തിന്റെ ഇടയിൽ ഗ്രൗണ്ടിലേക്ക് ഇറങ്ങി വന്ന ആരാധകന്റെ കാര്യം സുരക്ഷ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽ പെടുത്തിയത്. പിന്നാലെ ഗ്രൗണ്ടിലേക്ക് ഓടി വന്ന പോലീസുകാരൻ ഒറ്റ കൈ കൊണ്ട് ആരാധകനെ പൊക്കിയെടുത്ത് ഗ്രൗണ്ടിന്റെ പുറത്തേക്ക് കൊണ്ട് പോവുകയായിരുന്നു. ഈ ദൃശ്യം നേരിട്ട് കണ്ട കോലി ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ചിരി അടക്കാൻ പാട് പെടുന്നതാണ് കണ്ടത്. റെസ്‌ലിങ് താരങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ആക്ഷനും കോലി സഹതാരങ്ങളെ കാണിച്ചു.

Read More: “സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന പല ഇന്നിംഗ്‌സുകളും കണ്ടിട്ടുണ്ട്, എന്നാൽ ഇത് പോലെയൊന്ന് ആദ്യമായി കാണുകയാണ്..”; രജത് പടിദാറിനെ പ്രശംസിച്ച് വിരാട് കോലി

എലിമിനേറ്ററിൽ വിജയിച്ച ബാംഗ്ലൂർ നാളെ രണ്ടാം ക്വാളിഫയറിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ്. ഇന്നലത്തെ എലിമിനേറ്ററിൽ ബാംഗ്ലൂർ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിന് 20 ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്‌ടത്തിൽ 193 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മഴ കാരണം വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ലഖ്‌നൗ ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. 37 റൺസെടുത്ത ദിനേശ് കാർത്തിക്കും സെഞ്ചുറി നേടിയ പടിദാറും കൂടി നേടിയ 92 റൺസിന്റെ കൂട്ടുകെട്ടാണ് ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ സമ്മാനിക്കുന്നതിൽ നിർണായകമായത്

Story Highlights: Funny video during bangalore-lucknow eliminator