“സമ്മര്‍ദ്ദത്തെ അതിജീവിക്കുന്ന പല ഇന്നിംഗ്‌സുകളും കണ്ടിട്ടുണ്ട്, എന്നാൽ ഇത് പോലെയൊന്ന് ആദ്യമായി കാണുകയാണ്..”; രജത് പടിദാറിനെ പ്രശംസിച്ച് വിരാട് കോലി

May 26, 2022

അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇന്നലത്തെ എലിമിനേറ്റർ മത്സരത്തിൽ ബാംഗ്ലൂർ താരം രജത് പടിദാർ പുറത്തെടുത്തത്. 54 പന്തിൽ 112 റൺസ് നേടിയ രജത് പടിദാറിന്റെ അവിശ്വസനീയമായ പ്രകടനത്തിന്റെ കരുത്തിലാണ് ബാംഗ്ലൂർ ലഖ്‌നൗവിനെതിരെ 14 റൺസിന്റെ മിന്നുന്ന ജയം നേടി രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടിയത്.

മത്സരശേഷം വലിയ പ്രശംസയാണ് പടിദാറിന് ക്രിക്കറ്റ് പ്രേമികളിൽ നിന്നും ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഐപിഎൽ പ്ലേ ഓഫില്‍ സെഞ്ചുറി നേടുന്ന ആദ്യ അണ്‍ക്യാപ്ഡ് താരമാണ് പടിദാർ. നിർണായക മത്സരത്തിൽ ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് വമ്പൻ കൈയടിയാണ് ലഭിക്കുന്നത്.

ഇപ്പോൾ ആർസിബിയുടെ മുൻ നായകൻ കൂടിയായ വിരാട് കോലി പടിദാറിനെ പുകഴ്‌ത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. സമ്മർദ്ദങ്ങളെ അതിജീവിക്കുകയും വിജയത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ഒരുപാട് ഇന്നിംഗ്‌സുകൾ താൻ മുൻപ് കണ്ടിട്ടുണ്ടെങ്കിലും പടിദാറിന്റെ ഇന്നലത്തെ ഇന്നിംഗ്‌സ് പോലെയൊന്ന് താൻ ആദ്യമായിട്ടാണ് കാണുന്നതെന്നാണ് വിരാട് കോലി പറയുന്നത്. താൻ ഇന്നലത്തെ മത്സരത്തിൽ നന്നായി ടെൻഷൻ അനുഭവിച്ചിരുന്നുവെന്നും എന്നാൽ പടിദാർ സാഹചര്യം മനോഹരമായി കൈകാര്യം ചെയ്‌തുവെന്നും കോലി കൂട്ടിച്ചേർത്തു.

Read More: പ്ലേ ഓഫ് കാണാതെ പുറത്തായതിന് വീട്ടിൽ നിന്ന് ഇടിയും തൊഴിയും; വൈറൽ വിഡിയോ പങ്കുവെച്ച് ശിഖർ ധവാൻ, തമാശ ഏറ്റെടുത്ത് ആരാധകർ

അതേ സമയം ഇന്നലത്തെ എലിമിനേറ്ററിൽ ബാംഗ്ലൂർ ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലഖ്‌നൗവിന് 20 ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റ് നഷ്‌ടത്തിൽ 193 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മഴ കാരണം വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ലഖ്‌നൗ ബാംഗ്ലൂരിനെ ബാറ്റിങിനയക്കുകയായിരുന്നു. 37 റൺസെടുത്ത ദിനേശ് കാർത്തിക്കും സെഞ്ചുറി നേടിയ പടിദാറും കൂടി നേടിയ 92 റൺസിന്റെ കൂട്ടുകെട്ടാണ് ബാംഗ്ലൂരിന് കൂറ്റൻ സ്‌കോർ സമ്മാനിക്കുന്നതിൽ നിർണായകമായത്.

Story Highlights: Virat kohli praises rajat patidar