അരങ്ങേറ്റക്കാരുടെ ആറാട്ട്; ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത്-ലഖ്നൗ പോരാട്ടം
ഐപിഎല്ലിൽ ഇന്ന് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് കെ എൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടുകയാണ്. പ്ലേ ഓഫിലേക്ക് കണ്ണ് നട്ടാണ് ഇന്ന് ഇരു ടീമുകളും ഏറ്റുമുട്ടാൻ ഇറങ്ങുന്നത്. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീമായിരിക്കും ഈ സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാവുന്നത്. അതിനാൽ തന്നെ വാശിയേറിയ പോരാട്ടമായിരിക്കും ഇരു ടീമുകളും ഇന്ന് കാഴ്ചവയ്ക്കുകയെന്ന കാര്യത്തിൽ തർക്കമില്ല.
ഇന്ന് 7.30 യ്ക്ക് പുനെയിലാണ് ഗുജറാത്ത്-ലഖ്നൗ മത്സരം നടക്കുന്നത്. 11 മത്സരങ്ങളിൽ നിന്ന് ഇരു ടീമുകൾക്കും 8 ജയവും 3 തോൽവിയുമാണുള്ളത്. രണ്ട് ടീമുകൾക്കും 16 പോയിന്റുണ്ടെങ്കിലും റണ്‍നിരക്കില്‍ ലഖ്നൗ ഒന്നാം സ്ഥാനത്താണ്.
അവസാന രണ്ട് കളിയിലും തോൽവി നേരിട്ടതിന്റെ ക്ഷീണവുമായിട്ടാണ് ഗുജറാത്ത് ഇന്ന് ഇറങ്ങിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 4 മത്സരത്തിലും തുടർച്ചയായി വിജയിച്ച ലഖ്നൗ കടുത്ത വെല്ലുവിളിയാണ് ഗുജറാത്തിന് ഉയർത്തുന്നത്.
അയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍ ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യയുടെ സഹോദരൻ കൂടിയായ ക്രുനാല്‍ പണ്ഡ്യ എന്നിവരുടെ പ്രകടനത്തിലാണ് ലഖ്നൗ പ്രതീക്ഷ വയ്ക്കുന്നത്. ഡേവിഡ് മില്ലറിന്റെയും രാഹുല്‍ തെവാട്ടിയയുടേയും ഓള്‍റൗണ്ട് മികവിനെയാണ് ഗുജറാത്ത് ആശ്രയിക്കുന്നത്. റാഷിദ് ഖാന്, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗ്യൂസണ്‍, അല്‍സാരി ജോസഫ് എന്നിവരുടെ ബൗളിങ്ങിലും ഗുജറാത്തിന് വലിയ പ്രതീക്ഷയാണുള്ളത്.
സീസണിന്റെ തുടക്കത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് 5 വിക്കറ്റിന് വിജയിച്ചിരുന്നു. ഇതിന് പകരം വീട്ടാൻ കൂടിയാവും ലഖ്നൗ ഇന്നിറങ്ങുന്നത്.
Story Highlights: Gujarat-lucknow ipl match today