സ്വന്തം ആരാധകർക്ക് നടുവിൽ അരങ്ങേറ്റ സീസണിൽ കിരീടമുയർത്തി ഗുജറാത്ത് ടൈറ്റൻസ്; രാജസ്ഥാനെതിരെയുള്ള വിജയം 7 വിക്കറ്റിന്

May 30, 2022

അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ആർപ്പുവിളിച്ച സ്വന്തം ആരാധകർക്ക് മുൻപിൽ അരങ്ങേറ്റ ഐപിഎൽ സീസണിൽ തന്നെ കിരീടം നേടിയിരിക്കുകയാണ് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 131 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ് നഷ്‌ടത്തിലാണ് ഗുജറാത്ത് മറികടന്നത്.

45 റൺസെടുത്ത ശുഭ്മാൻ ഗില്ലും 32 റൺസെടുത്ത ഡേവിഡ് മില്ലറുമാണ് ഗുജറാത്തിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ശ്രദ്ധയോടെ കളിച്ച ഗുജറാത്ത് അവസാന പന്തുകളിൽ ആഞ്ഞടിക്കുകയായിരുന്നു.സീസണിലുടനീളം മികച്ചതും സ്ഥിരതയാർന്നതുമായ പ്രകടനം കാഴ്‌ചവെച്ച ഗുജറാത്ത് പൂർണമായും അർഹിക്കുന്നതായിരുന്നു ഈ കിരീടനേട്ടം.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിറങ്ങിയ രാജസ്ഥാൻ റോയൽസ് തുടക്കം മുതൽ ബാറ്റിംഗ് തകർച്ച നേരിട്ടിരുന്നു. കൃത്യമായ ഇടവേളകളിൽ രാജസ്ഥാൻ ബാറ്റർമാർ വിക്കറ്റുകൾ വലിച്ചെറിഞ്ഞുകൊണ്ടിരുന്നു. വലിയ പ്രതീക്ഷകൾ നൽകി തുടങ്ങിയ യശസ്വി ജയ്‌സ്വാളും സഞ്ജു സാംസണും അധികം വൈകാതെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ജയ്‌സ്വാൾ 22 റൺസെടുത്തപ്പോൾ സഞ്ജു 14 റൺസ് എടുക്കുമ്പോഴേക്കും പുറത്താവുകയായിരുന്നു.

ഒരു ഭാഗത്ത് വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോൾ മറുഭാഗത്ത് ജോസ് ബട്‌ലർ ഉറച്ചു നിന്നത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ പതിമൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബട്‌ലർ പാണ്ഡ്യയുടെ പന്തിൽ പുറത്താവുകയായിരുന്നു. പിന്നീട് വന്ന ബാറ്റർമാർക്കൊന്നും രാജസ്ഥാനെ തകർച്ചയിൽ നിന്നും കരകയറ്റാൻ കഴിഞ്ഞില്ല.

Read More: രാജസ്ഥാൻ ആരാധകരോട് മാപ്പ് ചോദിച്ച് മില്ലർ; മത്സര ശേഷമുള്ള താരത്തിന്റെ ട്വീറ്റ് ശ്രദ്ധേയമാവുന്നു

കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് രാജസ്ഥാൻ റോയൽസ് ഫൈനലിന് ഇറങ്ങിയത്. അതേ സമയം ഒന്നാം ക്വാളിഫയറിൽ രാജസ്ഥാനെതിരെ ഇറങ്ങിയ ടീമിൽ ഒരു മാറ്റത്തോടെയാണ് ഗുജറാത്ത് ഇന്നിറങ്ങിയത്. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസന്‍ ഗുജറാത്തിന്റെ അന്തിമ ഇലവനിൽ സ്ഥാനം നേടിയിരുന്നു.

Story Highlights: Gujarat titans becomes ipl champions