പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത്; ഐപിഎല്ലിൽ ഇന്ന് മുംബൈ-ഗുജറാത്ത് പോരാട്ടം

May 6, 2022

ഐപിഎല്ലിൽ ഇന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിറങ്ങുകയാണ്. രാത്രി 7.30 ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.

ഇന്നത്തെ മത്സരം ജയിച്ച് പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഗുജറാത്ത് ഇറങ്ങുന്നത്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിന് പ്ലേ ഓഫിലേക്കുള്ള വഴി എളുപ്പമാണെങ്കിലും എത്രയും പെട്ടെന്ന് പ്ലേ ഓഫിലേക്ക് കടന്ന് മറ്റ് ടീമുകൾക്ക് മേൽ സമ്മർദ്ദം കൂട്ടാനാവും ഗുജറാത്തിന്റെ ശ്രമം.

അതേ സമയം പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് മങ്ങിയ മുംബൈ ബാക്കി മത്സരങ്ങൾ ജയിച്ച് തല ഉയർത്തി സീസൺ അവസാനിപ്പിക്കാനാവും ശ്രമിക്കുന്നത്. അതിനാൽ തന്നെ ഇന്നത്തെ ഉൾപ്പടെ ഇനിയുള്ള മത്സരങ്ങളിലെല്ലാം മികച്ച വിജയം നേടാനാവും രോഹിത്തിന്റെ നേതൃത്വത്തിൽ മുംബൈ ഇറങ്ങുന്നത്. ഈ സീസണിൽ തുടർച്ചയായി 8 മത്സരങ്ങളിൽ തോൽവി നേരിട്ട മുംബൈ അവസാന മത്സരത്തിൽ രാജസ്ഥാനെതിരെയാണ് ഒരു ആശ്വാസ വിജയം നേടിയത്. മുംബൈ ബാറ്റർമാരും ബൗളർമാരുമെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഈ സീസണിൽ കാഴ്‌ചവെച്ചുകൊണ്ടിരിക്കുന്നത്.

Read More: വീണ്ടും കൊടുങ്കാറ്റായി ഉമ്രാൻ മാലിക്ക്; സ്വന്തം റെക്കോർഡ് തിരുത്തി താരം

വർഷങ്ങളായി മുംബൈയുടെ സൂപ്പർ താരമായിരുന്ന ഹർദിക് പാണ്ഡ്യ ആദ്യമായി ടീമിനെതിരെ ഇറങ്ങുന്ന മത്സരം എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ കളിക്ക്. പാണ്ഡ്യക്കൊപ്പം ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയും റാഷിദ് ഖാൻ മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും ഗുജറാത്തിനെ ഏതൊരു ടീമിന്റെയും പേടി സ്വപ്നമാക്കുന്നുണ്ട്.

Story Highlights: Gujarat vs mumbai ipl match