വീണ്ടും കൊടുങ്കാറ്റായി ഉമ്രാൻ മാലിക്ക്; സ്വന്തം റെക്കോർഡ് തിരുത്തി താരം

May 6, 2022

ഈ സീസണിൽ മികച്ച പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്ക് കാഴ്‌ചവെച്ചുകൊണ്ടിരിക്കുന്നത്. കൊടുങ്കാറ്റ് പോലെ പാഞ്ഞടുക്കുന്ന ഉമ്രാന്റെ പന്തുകൾക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ ബാറ്റർമാർ നന്നായി ബുദ്ധിമുട്ടുന്നുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിൽ അതിഗംഭീര പ്രകടനമാണ് ഉമ്രാൻ പുറത്തെടുത്തത്.

ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞതിന്റെ റെക്കോർഡ് ഉമ്രാന്റെ പേരിലായിരുന്നു. ഇപ്പോൾ വേഗതയേറിയ പന്തിന്റെ കാര്യത്തിൽ തന്റെ റെക്കോർഡ് വീണ്ടും തിരുത്തിയിരിക്കുകയാണ് താരം. ഡൽഹി ക്യാപിറ്റൽസിനെതിരായുള്ള മത്സരത്തിൽ 157 കിലോമീറ്റർ വേഗത്തിലെറിഞ്ഞ പന്തിലൂടെയാണ് ഉമ്രാൻ തന്റെ തന്നെ റെക്കോർഡ് ഭേദിച്ചത്.എന്നാൽ ഉമ്രാന്റെ വേഗതയേറിയ പന്ത് അതേ വേഗത്തിൽ ബൗണ്ടറി പായിക്കുകയായിരുന്നു ഡൽഹി താരം റൊവ്‌മാന്‍ പവൽ.

നേരത്തെ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരത്തിൽ നായകൻ മഹേന്ദ്ര സിങ് ധോണിക്കെതിരെയാണ് ഉമ്രാൻ ഇതിന് മുൻപ് സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് റെക്കോർഡിട്ടത്. ഈ ഐപിഎൽ സീസണിലെ ഏറ്റവും വേഗതയേറിയ 5 പന്തുകളിൽ 4 പന്തുകളും ഉമ്രാൻ തന്നെയാണ് എറിഞ്ഞിരിക്കുന്നത്.

Read More: ചൈനയിൽ കൊവിഡ് രൂക്ഷം; ഏഷ്യൻ ​ഗെയിംസ് മാറ്റിവെച്ചു

അതേ സമയം ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മിന്നുന്ന വിജയമാണ് ഋഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് നേടിയത്. 21 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ കീഴടക്കിയത്. ഡൽഹി ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 62 റൺസെടുത്ത നിക്കോളാസ് പുരാൻ ഹൈദരാബാദിനായി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 3 വിക്കറ്റിട്ട ഖലീൽ അഹമ്മദും 2 വിക്കറ്റ് പിഴുത ഷർദുൽ ഠാക്കൂറുമാണ് ഡൽഹി ബൗളിംഗ് നിരയിൽ നിർണായക പ്രകടനം കാഴ്ചവെച്ചത്.

Story Highlights: Umran malik delivers fastest ball in ipl again