ടൈറ്റൻസും കിങ്‌സും കൊമ്പു കോർക്കുന്നു; ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത്-പഞ്ചാബ് പോരാട്ടം

May 3, 2022

മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടുകയാണ്. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാനാണ് ഹർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ഇന്നിറങ്ങുന്നത്. രാത്രി 7.30 നാണ് മത്സരം.

പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തുന്നുണ്ടെങ്കിലും ഇന്നത്തെ മത്സരത്തിൽ ജയിച്ചു സ്ഥാനം ഉറപ്പിക്കാനാവും ഹർദിക്കും സംഘവും ശ്രമിക്കുക. അതേ സമയം പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിങ്‌സ് ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വയ്ക്കുന്നില്ല.

നേരത്തെ സീസണിലെ ആദ്യ മത്സരത്തിൽ അവിശ്വസനീയമായ വിജയമാണ് പഞ്ചാബിനെതിരെ ഗുജറാത്ത് നേടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മികച്ച സ്‌കോറാണ് നേടിയത്. 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് പഞ്ചാബ് അടിച്ചു കൂട്ടിയത്. 27 പന്തിൽ നിന്ന് 64 റൺസെടുത്ത ലിയാം ലിവിങ്സ്റ്റണാണ് പഞ്ചാബ് നിരയിലെ ടോപ് സ്‌കോറർ. 96 റൺസെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ഗുജറാത്ത് പഞ്ചാബ് ഉയർത്തിയ കൂറ്റൻ സ്‌കോർ പിന്തുടർന്നത്. 35 റൺസെടുത്ത സായി സുദർശനോടൊപ്പം മികച്ച കൂട്ടുക്കെട്ടുണ്ടാക്കിയ ഗിൽ സായിക്ക് ശേഷം വന്ന നായകൻ ഹർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചാണ് പിന്നീട് തകർത്തടിച്ചത്. ഗുജറാത്തിനെ ജയത്തിന് അരികിൽ എത്തിച്ചതിന് ശേഷമാണ് ഗിൽ മടങ്ങിയത്.

Read More: മിന്നൽ മാലിക്ക്; ‘തല’ ധോണിക്കെതിരെ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ് ഉമ്രാൻ മാലിക്ക്

അവസാന ഓവറിൽ ജയിക്കാൻ 19 റൺസായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. രണ്ടാം പന്തിൽ നായകൻ ഹർദിക് പാണ്ഡ്യ റണ്ണൗട്ടായി. ഒടുവിൽ അവസാന 2 പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസ്. അവിടെ നിന്നാണ് രാഹുൽ തെവാട്ടിയ എന്ന അത്ഭുത മനുഷ്യൻ ഗുജറാത്തിനെ വിജയത്തിലാറാടിച്ചത്. 2 പന്തുകളും സിക്സറിന് പറത്തിയാണ് തെവാട്ടിയ അവിശ്വസനീയമായ വിജയം ഗുജറാത്തിന് നേടി കൊടുത്തത്.

Story Highlights: Gujarat vs punjab ipl match