പഞ്ചാബിനെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഇരു ടീമുകളിലും മാറ്റമില്ല

May 3, 2022

മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്‌സും ഏറ്റുമുട്ടുകയാണ്‌. ടോസ് നേടിയ ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാനായി ഗുജറാത്ത് ഇറങ്ങിയ മത്സരത്തിൽ നിലനിൽപ്പിനുള്ള പോരാട്ടത്തിലാണ് പഞ്ചാബ്. ബാറ്റിങ്ങിറങ്ങിയ ഗുജറാത്ത് 6 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 42 റൺസെടുത്തിട്ടുണ്ട്.

9 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ഇപ്പോഴുള്ളത്. അതേ സമയം 9 മത്സരങ്ങളിൽ നിന്ന് 8 പോയിന്റ് മാത്രമുള്ള പഞ്ചാബ് എട്ടാം സ്ഥാനത്താണുള്ളത്. അത് കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ പഞ്ചാബിന് ജയം അനിവാര്യമാണ്.

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങിയിരിക്കുന്നത്. ബാംഗ്ലൂരിനെ കഴിഞ്ഞ മത്സരത്തിൽ 6 വിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തോടെയാണ് ഗുജറാത്ത് ഇന്നിറങ്ങിയിരിക്കുന്നത്. എന്നാൽ ലഖ്‌നൗവിനോട് 20 റൺസിനാണ് പഞ്ചാബ് കഴിഞ്ഞ മത്സരത്തിൽ തോൽവി നേരിട്ടത്.

Read More: ‘എന്ത് ചോദ്യമാണ് സുഹൃത്തേ..’; ഷെയ്ന്‍ വോണിനൊപ്പമുള്ള തന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ പങ്കുവെച്ച് സഞ്ജു സാംസൺ

നേരത്തെ ഇരുവരും ഏറ്റുമുട്ടിയ സീസണിലെ ആദ്യ മത്സരത്തിൽ അവിശ്വസനീയമായ വിജയമാണ് ഗുജറാത്ത് നേടിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മികച്ച സ്‌കോറാണ് നേടിയത്. 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് പഞ്ചാബ് അടിച്ചു കൂട്ടിയത്. 27 പന്തിൽ നിന്ന് 64 റൺസെടുത്ത ലിയാം ലിവിങ്സ്റ്റണായിരുന്നു പഞ്ചാബ് നിരയിലെ ടോപ് സ്‌കോറർ. 96 റൺസെടുത്ത ശുഭ്മാന്‍ ഗില്ലിന്‍റെ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിലൂടെയാണ് ഗുജറാത്ത് പഞ്ചാബ് ഉയർത്തിയ കൂറ്റൻ സ്‌കോർ പിന്തുടർന്നത്. അവസാന ഓവറിൽ ജയിക്കാൻ 19 റൺസായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. അവസാന 2 പന്തുകളും സിക്സറിന് പറത്തിയാണ് രാഹുൽ തെവാട്ടിയ അവിശ്വസനീയമായ വിജയം ഗുജറാത്തിന് നേടി കൊടുത്തത്.

Story Highlights: Gujarat won the toss against punjab and chose to bat