ഐപിഎൽ മാമാങ്കത്തിന് നാളെ കൊടിയിറങ്ങുന്നു; കിരീടാവകാശികളെയും റണ്ണേഴ്സ് അപ്പിനെയും കാത്തിരിക്കുന്നത് വമ്പൻ തുക
നാളെയാണ് ഐപിഎല്ലിന്റെ ഈ സീസണിലെ ഫൈനൽ മത്സരം. രണ്ട് മാസമായി നീണ്ടു നിന്ന ഐപിഎൽ മാമാങ്കത്തിന് ഒടുവിൽ കൊടിയിറങ്ങുകയാണ്. ആവേശം നിറഞ്ഞ കുറെയേറെ മത്സരങ്ങൾക്ക് ശേഷം സീസണിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച രണ്ട് ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.
മലയാളിയായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസും ഹർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും സീസണിലുടനീളം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചപ്പോൾ പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഇരു ടീമുകളും ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയിരുന്നു. ഇരു ടീമുകളും മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചെങ്കിലും ജയം ഗുജറാത്തിനൊപ്പം നിന്നു.
നാളെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ രാജസ്ഥാനും ഗുജറാത്തും ഏറ്റുമുട്ടുമ്പോൾ ആവേശം വാനോളമാണ്. മത്സരത്തിൽ വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത് വൻ തുകയാണ്. ലോകത്തെ തന്നെ ഏറ്റവും സമ്പന്നമായ ടി 20 ക്രിക്കറ്റ് ലീഗാണ് ഐപിഎൽ. അതിനാൽ തന്നെ വിജയികളെയും റണ്ണേഴ്സ് അപ്പിനെയും ഒക്കെ കാത്തിരിക്കുന്നത് വലിയ തുകയാണ്.
കിരീടം നേടുന്ന ടീമിന് 20 കോടി രൂപ ലഭിക്കും. 2008 ലെ പ്രഥമ സീസണില്‍ ഇത് 4.8 കോടിയായിരുന്നു. റണ്ണേഴ്സ് അപ്പിന് 13 കോടിയാണ് ലഭിക്കുന്നത്. രണ്ടാം ക്വാളിഫയറില്‍ പരാജയപ്പെട്ട റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏഴ് കോടിയും എലിമിനേറ്ററില്‍ തോറ്റ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് 6.5 കോടിയും ലഭിക്കും.
മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 7 വിക്കറ്റിന് തകർത്ത് വമ്പൻ വിജയം നേടിയാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഫൈനലിലേക്ക് പ്രവേശിച്ചത്.
Story Highlights: Huge reward awaits ipl winners and runners up