ഐഎസ്എൽ ഒൻപതാം സീസണിലെ ഉദ്ഘാടന മത്സരം കൊച്ചിയിൽ; കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ എടികെ മോഹൻ ബഗാൻ
ഒക്ടോബറിൽ ഈ സീസണിലെ ഐഎസ്എൽ മത്സരങ്ങൾ തുടങ്ങുകയാണ്. ഇത്തവണ മഞ്ഞപ്പടയുടെ സ്വന്തം തട്ടകമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. സീസണിലെ ആദ്യ മത്സരത്തിൽ ആർത്തിരമ്പുന്ന മഞ്ഞപ്പടയുടെ ആരാധകരുടെ നടുവിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെയാണ് നേരിടുന്നത്.
ഒക്ടോബർ ആറിനാണ് ഒൻപതാം സീസണിലെ ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. കഴിഞ്ഞ ഐ എസ് എല്ലിലും കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടിയത്. ഉദ്ഘാടന മത്സരം ഉൾപ്പെടെ ബ്ലാസ്റ്റേഴ്സിന്റെ 10 ഹോം മത്സരങ്ങൾക്ക് ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാവും. ഈ സീസണിലെ മത്സരങ്ങൾ ഒൻപത് മാസം നീണ്ടുനിൽക്കും. ലീഗിൽ വീണ്ടും ഹോം-എവെ മാച്ച് ഫോർമാറ്റുകൾ തിരികെ വരുകയാണ്.
അതേ സമയം കഴിഞ്ഞ സീസണിലെ ഫൈനലിൽ വലിയ പ്രതീക്ഷയോടെ ഹൈദരാബാദ് എഫ്സിയെ നേരിടാനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിൽ തട്ടി വീണ്ടും വീഴുകയായിരുന്നു. വലിയ ആവേശത്തോടെ ലോകമെങ്ങും ഫൈനൽ മത്സരം കണ്ട കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശ നൽകി ഹൈദരാബാദ് എഫ്സി കന്നിക്കിരീടം നേടുകയായിരുന്നു.
കിരീടം നേടാനായില്ലെങ്കിലും പൊരുതി തന്നെയാണ് ബ്ലാസ്റ്റേഴ്സ് തോൽവി സമ്മതിച്ചത്. തുടക്കം മുതൽ വലിയ മുന്നേറ്റങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആദ്യം ലീഡെടുത്തത്. മലയാളി കൂടിയായ കെ പി രാഹുലിന്റെ അതിമനോഹരമായ ഒരു ഗോൾ ഹൈദരാബാദിന്റെ ഗോൾ വല തുളഞ്ഞാണ് കയറിയത്. പിന്നീടും മത്സരത്തിലുടനീളം ഗംഭീര പ്രകടനം നടത്തിയ കേരളം കിരീടത്തിലേക്ക് അടുക്കുന്നു എന്ന സൂചന തന്നെയാണ് നൽകിയത്.
എന്നാൽ കളി തീരാൻ രണ്ട് മിനുട്ട് ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെ തകിടം മറിച്ച് സാഹിൽ ടാവോറയിലൂടെ ഗോൾ മടക്കി ഹൈദരാബാദ് സമനില നേടി. അധിക സമയത്തേക്ക് നീണ്ട കളിയിൽ പിന്നീട രണ്ട് ടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. അതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടത്. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയ്ക്ക് മുൻപിൽ വീണ്ടും ബ്ലാസ്റ്റേഴ്സ് വീഴുകയായിരുന്നു.
Story Highlights: ISL next season inauguration match at kochi