നായയായി മാറാൻ യുവാവ് മുടക്കിയത് 12 ലക്ഷം; ശ്രദ്ധനേടി രൂപമാറ്റത്തിന്റെ വിഡിയോ
ജീവിതത്തിൽ എന്തെങ്കിലും പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ എപ്പോഴെങ്കിലും എല്ലാവരും ചിന്തിച്ചിട്ടുണ്ടാകും മനുഷ്യന് പകരം എന്തെങ്കിലും മൃഗമായി ജനിച്ചാൽ മതിയായിരുന്നു എന്ന്. ഭാവിയുടെ ഭാരമില്ലാതെ സമാധാനമായിരിക്കാൻ മൃഗമായി പിറക്കണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുപറയാനുമില്ല. എന്നാൽ, യഥാർത്ഥത്തിൽ അങ്ങനെ ഏതെങ്കിലും മൃഗമായി മാറാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ? എന്തായാലൂം ജപ്പാനിലെ ഒരു യുവാവ് ഇത്തരത്തിലുള്ള തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്.
ജപ്പാനിലെ ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ഒരു നായയായി മാറുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. വിചിത്രമായ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഈ യുവാവ് ഭീമമായ തുകയും മുടക്കി.
ടോക്കോ എന്ന ട്വിറ്റർ ഉപയോക്താവ് ആണ് നായയുടെ രൂപത്തിലേക്ക് മാറിയത്. തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ, അദ്ദേഹം സെപ്പറ്റ് എന്ന പ്രൊഫഷണൽ ഏജൻസിയുടെ സഹായം തേടി. സിനിമകൾ, പരസ്യങ്ങൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവയുൾപ്പെടെ വിനോദ ആവശ്യങ്ങൾക്കായി വിവിധ ശിൽപങ്ങൾ മികവോടെ നിർമിച്ചുനൽകുന്ന ഏജൻസിയാണിത്.
ഒരു നായയാകാൻ ആഗ്രഹിച്ച യുവാവ് ഒരു യഥാർത്ഥ നായയെപ്പോലെയാക്കാൻ കഴിയുന്ന ഒരു ലൈഫ്-സൈസ് ഡോഗ് കോസ്റ്റ്യൂം ഉണ്ടാക്കാൻ ഏജൻസിയോട് ആവശ്യപ്പെട്ടു.’ഒരു വ്യക്തിയുടെ അഭ്യർത്ഥന മാനിച്ച് ഞങ്ങൾ ഒരു നായയുടെ മോഡലിംഗ് സ്യൂട്ട് ഉണ്ടാക്കി’ എന്ന അടിക്കുറിപ്പിനൊപ്പം വിചിത്രമായ വസ്ത്രത്തിന്റെ ചിത്രങ്ങളും ഏജൻസി ട്വിറ്ററിൽ പങ്കിട്ടു.
ഏകദേശം 40 ദിവസം കൊണ്ട് ഇഷ്ടാനുസൃതമായി നിർമ്മിച്ച ഈ വസ്ത്രത്തിന് ഏകദേശം 12 ലക്ഷം രൂപ യുവാവ് മുടക്കി. ഇദ്ദേഹം നായയുടെ രൂപത്തിൽ നടക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
നാലുകാലിൽ നടക്കുന്ന മൃഗങ്ങളാണ് തനിക്ക് പ്രിയപ്പെട്ടതെന്നും അതുകൊണ്ട് നായയോട് വളരെ ഇഷ്ടമാണെന്നും രൂപം മാറിയ യുവാവ് പറയുന്നു. ഒരു വസ്ത്രംപോലെ ധരിക്കാനും അഴിച്ചുവയ്ക്കാനും സാധിക്കുന്ന രൂപമാണെങ്കിലും ഇപ്പോൾ യുവാവ് പൂർണമായും നായയുടെ രൂപത്തിലാണ് എന്ന് സമീപവാസികൾ പറയുന്നു. ഇദ്ദേഹത്തെ പിന്നീട് മനുഷ്യരൂപത്തിൽ ആരുംതന്നെ കണ്ടിട്ടില്ല.
Story highlights- Japanese man pays whopping Rs 12 lakh to turn into a dog