‘സൂര്യ എത്തുന്നത് അവസാന ഭാഗത്ത്, അതിനാൽ കഥ തുടരും..’; സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാൻ സാധ്യതയുള്ള വിക്രം മൂന്നാം ഭാഗത്തെ പറ്റി കമൽ ഹാസൻ

May 26, 2022

കമൽ ഹാസന്റെ ‘വിക്രം’ സിനിമയിൽ സൂര്യ ഒരു നിർണായക കഥാപാത്രമായി എത്തുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. നേരത്തെ തന്നെ താര സമ്പന്നമായിരുന്ന ചിത്രത്തിൽ തമിഴിലെ സൂപ്പർതാരമായ സൂര്യ കൂടി ചേരുന്നതോടെ ആദ്യ ദിവസം തിയേറ്ററുകൾ ഉത്സവപ്പറമ്പാവുമെന്ന കാര്യത്തിൽ സംശയമില്ല.

നേരത്തെ ചിത്രത്തിന്റെ സംവിധായകനായ ലോകേഷ് കനകരാജ് തന്നെ ചിത്രത്തിലെ സൂര്യയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ട്രെയ്‌ലർ ഇറങ്ങുന്നതിന് മുൻപ് തന്നെ സൂര്യ ചിത്രത്തിലുണ്ടെന്ന രീതിയിൽ വാർത്തകളുണ്ടായിരുന്നു. ട്രെയ്‌ലറിൽ സൂര്യയുടെ സാന്നിധ്യം ആരാധകർ കണ്ടെത്തിയതോടെയാണ് സംവിധായകൻ അടക്കമുള്ളവർ സൂര്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന കാര്യം തുറന്ന് പറഞ്ഞത്.

എന്നാലിപ്പോൾ പുറത്തു വന്ന മറ്റൊരു വാർത്തയാണ് ആരാധകരെ കൂടുതൽ ആവേശത്തിലാക്കുന്നത്. വിക്രത്തിലെ സൂര്യയുടെ കഥാപാത്രത്തെ പറ്റി നടൻ കമൽ ഹാസൻ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരുടെ ആവേശം വാനോളമെത്തിക്കുന്നത്.

സൂര്യയുടെ കഥാപാത്രം ചിത്രത്തിന്റെ അവസാന ഭാഗത്താണ് എത്തുന്നതെന്നും നടൻ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നതെന്നും പറഞ്ഞ കമൽ ഹാസൻ അതിനാൽ തന്നെ ചിത്രത്തിന് മറ്റൊരു ഭാഗം കൂടിയുണ്ടാവാൻ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു.

Read More: അമ്പരപ്പിച്ച് കമൽഹാസൻ ഒപ്പം ഫഹദും വിജയ് സേതുപതിയും- വിക്രം ട്രെയ്‌ലർ

അതേ സമയം ഉലകനായകൻ കമൽ ഹാസനൊപ്പം തമിഴ് സൂപ്പർതാരം വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ മൂവരും ഒരുമിച്ച് അഭിനയിക്കുന്നത്. ജൂണ്‍ 3 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

Story Highlights: Kamal hasan about possibilities of vikram 3 with surya