അമ്പരപ്പിച്ച് കമൽഹാസൻ ഒപ്പം ഫഹദും വിജയ് സേതുപതിയും- വിക്രം ട്രെയ്‌ലർ

May 16, 2022

തമിഴകത്തിന് സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലോകേഷ് കനകരാജ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ഒന്നിക്കാൻ ഒരുങ്ങുകയാണ് കമൽഹാസനും വിജയ് സേതുപതിയും മലയാളത്തിന്റെ പ്രിയനായകൻ ഫഹദ് ഫാസിലും. വിക്രം എന്ന ചിത്രത്തിലൂടെയാണ് മൂവരും ഒന്നിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയ്‌ലറാണ് സിനിമാ പ്രേമികൾക്കിടയിൽ ആവേശം സൃഷ്ടിക്കുന്നത്. അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ കമൽ ഹാസനും ഫഹദുമെല്ലാം കാഴ്ചവയ്ക്കുന്നത്. ഇത് ഉറപ്പുവരുത്തിക്കൊണ്ടാണ് ട്രെയ്‌ലറും പുറത്തുവരുന്നത്. നരേൻ, ചെമ്പൻ വിനോദ് തുടങ്ങിയ വലിയ താരനിരയും ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്.

അതേസമയം കമൽ ഹാസന്റെ 232-മത്തെ ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് കമൽഹാസൻ എത്തുന്നത് എന്നാണ് സൂചന. റിപ്പോർട്ട് അനുസരിച്ച്, 15 വർഷങ്ങൾക്ക് ശേഷം സിനിമയിൽ കാക്കിയണിഞ്ഞ് എത്തുകയാണ് കമൽ.

Read also:30 വർഷത്തോളം ആൺവേഷം കെട്ടി ജീവിക്കേണ്ടിവന്ന സ്ത്രീ; കാരണം വെളിപ്പെടുത്തിയത് 57 ആം വയസിൽ

അതേസമയം നിരവധി ചിത്രങ്ങളുമായി തമിഴ് സിനിമ മേഖലയിൽ തിരക്കുള്ള താരമാണ് കമൽഹാസൻ. ലോകമെങ്ങുമുള്ള ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസന്റെ ‘വിക്രം.’ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച 3 നടന്മാർ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ ‘വിക്രം’ പ്രഖ്യാപിച്ച നാൾ മുതൽ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് വിക്രം. ജൂണ്‍ 3 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഷിബു തമീൻസ് നേതൃത്വം നൽകുന്ന റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സിനാണ്. ലോകം മുഴുവൻ വമ്പൻ വിജയം നേടിയ എസ് എസ് രാജമൗലിയുടെ ആർആർആർ കേരളത്തിൽ വിതരണം ചെയ്തതും എച്ച് ആർ പിക്‌ചേഴ്‌സാണ്.

Story highlights: Kamal Haasan Vijay Sethupathi Fahadh Faasil Vikram trailer