‘ഞങ്ങളുടെ റൊമാന്റിക് സ്പോട്ടിൽ 23 വർഷങ്ങൾക്കിപ്പുറം ഇസഹാക്കിനൊപ്പം.. ‘- ചിത്രവുമായി കുഞ്ചാക്കോ ബോബൻ

May 30, 2022

എത്രകാലം കഴിഞ്ഞാലും മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. കുഞ്ചാക്കോ ബോബന്റെ വളർച്ചയും പ്രണയവും വിവാഹവും കുഞ്ഞിന്റെ ജനനവുമെല്ലാം പ്രേക്ഷകരും ആഘോഷമാക്കിയിരുന്നു. ഒരുകാലത്ത് മാസികകളിൽ നിറഞ്ഞു നിന്നിരുന്നതായിരുന്നു കുഞ്ചാക്കോ ബോബൻ- പ്രിയ ജോഡിയുടെ പ്രണയം. ആ പ്രണയകാലത്ത് പോയിരുന്ന ഒരു റൊമാന്റിക് സ്പോട്ടിൽ വർഷങ്ങൾക്ക് ശേഷം മകനൊപ്പം പോയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ. ഹൃദ്യമായൊരു കുറിപ്പും ഒപ്പമുണ്ട്.

‘ഒഴിവാക്കാനാകാത്ത റൊമാന്റിക് കൂടിക്കാഴ്‌ചയ്‌ക്കായി ഞാൻ എന്റെ പ്രണയിനിക്കൊപ്പം പോയ ഒരിടമായിരുന്നു ഇത്. ഏകദേശം 23 വർഷങ്ങൾക്ക് ശേഷം, ഇതാ ഞാൻ വീണ്ടും ഞങ്ങളുടെ ഏറ്റവും മനോഹരമായ പതിപ്പിനൊപ്പം..ചിത്രമെടുത്തിരിക്കുന്നത് എന്റെ അതേ ലേഡി ലവ്..’- കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.

അതേസമയം, ഈ വർഷം സിനിമയിൽ ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ബേബി ശാലിനിയെ നായികയായി കണ്ട ആദ്യ ചിത്രവും ഇതായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ ഒരു ട്രെൻഡ്‌സെറ്ററായി മാറി.

അതേസമയം, അടുത്തിടെയായിരുന്നു മകൻ ഇസഹാക്കിന്റെ മൂന്നാം പിറന്നാൾ. ആഘോഷചിത്രങ്ങളും നന്ദിയുമൊക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. വിവാഹശേഷം നീണ്ട പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത്. അന്നുമുതൽ മലയാളികളെല്ലാം ഇസു എന്ന ഇസഹാക്കിന്റെ വിശേഷങ്ങൾ ഏറ്റെടുക്കാറുണ്ട്.

Read Also: പ്രിയതമയ്ക്കായി എം ജി ശ്രീകുമാർ ഒരിക്കൽക്കൂടി ആ പ്രിയഗാനം പാടി..- ‘നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ..’- വിഡിയോ

കരിയറിൽ ഒരു ചോക്ലേറ്റ് നായകനായാണ് തുടക്കമെങ്കിലും താരം വഴിമാറി സഞ്ചരിച്ചുകഴിഞ്ഞു. ഒട്ടേറെ സമകാലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളുടെയും ത്രില്ലർ ചിത്രങ്ങളുടെയും ഭാഗമായി കഴിഞ്ഞു കുഞ്ചാക്കോ ബോബൻ. അതേസമയം, ‘എന്താടാ സജി’, ‘നീലവെളിച്ചം’, ‘പത്മിനി’, ‘ഒറ്റ്’, ‘അറിയിപ്പ്’, ‘2403 ഫീറ്റ്’ എന്നിങ്ങനെ ഒട്ടേറെ സിനിമകളാണ് ഒരുങ്ങുന്നത്. ‘ന്നാ, താൻ കേസ് കൊട്’ എന്ന ചിത്രമാണ് ഇനി റിലീസിന് ഒരുങ്ങുന്നത്.

Story highlights- kunchacko boban about his romantic place