“ഇപ്പോഴും പ്രേക്ഷകർ മോഹൻലാലിനൊപ്പമുള്ള ആ ഗാനവും ചിത്രവും ഓർക്കുന്നു”; ‘കീർത്തിചക്ര’ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ ഓർമ്മകളിൽ ലക്ഷ്മി ഗോപാലസ്വാമി
വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന ഫ്ളവേഴ്സ് ഒരു കോടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്ളവേഴ്സ് ഒരു കോടിയുമായി എല്ലാ ദിവസവും 9 മണിക്ക് പ്രേക്ഷകരിലേക്കെത്തുന്നത്.
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്ളവേഴ്സ് ഒരു കോടിയിൽ മത്സരാർത്ഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്.
അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്. കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്തെ പല പ്രമുഖരും അറിവിന്റെ വേദിയിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിന്റെ പ്രിയപ്പെട്ട നടി ലക്ഷ്മി ഗോപാലസ്വാമി അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡാണ് ശ്രദ്ധേയമാവുന്നത്.
‘അരയന്നങ്ങളുടെ വീട്’ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് ലക്ഷ്മി മലയാള സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം നിരവധി മികച്ച കഥാപാത്രങ്ങളെ മലയാള സിനിമകളിൽ അവതരിപ്പിച്ച താരത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു മോഹൻലാലിന്റെ ‘കീർത്തിചക്ര’ എന്ന ഹിറ്റ് ചിത്രത്തിലേത്. ഇപ്പോൾ കീർത്തിചക്രയിൽ മേജർ മഹാദേവന്റെ ഭാര്യയായ ശ്രീക്കുട്ടിയെ അവതരിപ്പിച്ചതിന്റെ ഓർമ്മകൾ അറിവിന്റെ വേദിയിൽ പങ്കുവെയ്ക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.
Read More: ഒരുകോടി വേദിയിലെ റോബോട്ടിക് മെഷീന് നൃത്തമുദ്രയിലൊരു അനുകരണവുമായി ലക്ഷ്മി ഗോപാലസ്വാമി- വിഡിയോ
മോഹൻലാലിനൊപ്പമാണ് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചതെന്ന് പറഞ്ഞ ലക്ഷ്മി ആദ്യമായി അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് കീർത്തിചക്രയിലാണെന്നും കൂട്ടിച്ചേർത്തു. ചിത്രത്തിലെ “മുകിലേ മുകിലേ” എന്ന് തുടങ്ങുന്ന ഗാനം എല്ലാ വിഷുവിനും പ്രേക്ഷകർ ഓർക്കാറുണ്ടെന്നും ഈ പാട്ടിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ആളുകൾ തന്നെ ടാഗ് ചെയ്യാറുണ്ടെന്നും ലക്ഷ്മി പറഞ്ഞു.
Story Highlights: Lakshmi gopalaswamy about acting in keerthichakra with mohanlal