86 അടി ഉയരത്തിൽ വീശിയടിച്ച ഭീമൻ തിരമാലയിൽ സർഫിംഗ്; നെഞ്ചിടിപ്പേറ്റിയ അവിശ്വസനീയ കാഴ്ച

May 26, 2022

കടലിൽ ഇറങ്ങാനും സർഫിംഗ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാനുമൊക്കെ ഇഷ്ടമുള്ള ധാരാളം ആളുകളുണ്ട്. എന്നാൽ, കടലിൽ തിരമാല ഒന്ന് അല്പം കൂടുതൽ ഉയർന്നാൽ തന്നെ ഭയക്കുന്നവരുമാണ് മിക്കവരും. സർഫിംഗ് ജീവിതത്തിന്റെ ഭാഗമായി മാറിയവർക്കും വലിയ ലക്ഷ്യങ്ങൾ മുന്നിലുള്ളവർക്കും കടൽ ഒരു പേടിസ്വപ്നമല്ല. ഇപ്പോഴിതാ, അമ്പരപ്പിക്കുകയും ഒരുപോലെ ഭയപ്പെടുത്തുകയും ചെയ്യുന്ന ഒരു സർഫിംഗ് കാഴ്ച ശ്രദ്ധനേടുകയാണ്.

പോർച്ചുഗലിലെ ഏറ്റവും വലിയ തിരമാലയിൽ സർഫിംഗ് നടത്തി ഗിന്നസ് റെക്കോർഡ് തന്നെ സ്ഥാപിച്ചിരിക്കുകയാണ് സെബാസ്റ്റ്യൻ സ്റ്റ്യൂഡ്നർ എന്ന സർഫർ. 86 അടി ഉയരമുള്ള ഒരു രാക്ഷസ തിരമാലയായിരുന്നു അത്. റെക്കോർഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടന്നു.ഗിന്നസ് റെക്കോർഡിന്റെ യുട്യൂബ് ചാനലിൽ വിസ്മയിപ്പിക്കുന്ന സർഫിംഗ് വിഡിയോ പങ്കുവെച്ചിട്ടുമുണ്ട്.

2020 ഒക്ടോബറിൽ സെബാസ്റ്റ്യൻ സ്റ്റ്യൂഡ്നർ എന്ന മുപ്പത്തിയേഴുകാരൻ പോർച്ചുഗലിലെ നസാരെയിലെ പ്രയാ ഡോ നോർട്ടെ തീരത്ത് നിന്ന് 86 അടി (26.21 മീറ്റർ) ഉയരമുള്ള ഭീമാകാരമായ തിരമാലയിലൂടെ സർഫ് ചെയ്യുകയായിരുന്നു. ‘ഇത് അതിശയകരമായി തോന്നുന്നു’ എന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ് പ്രഖ്യാപനത്തോട് സെബാസ്റ്റ്യൻ സ്റ്റ്യൂഡ്നർ പ്രതികരിച്ചത്.

Read Also: കശുവണ്ടിയുടെ ആകൃതിയിൽ മുട്ട; ഒരു ദിവസംകൊണ്ട് നാട്ടിലെ താരമായി കോഴി; വൈറൽ വിഡിയോ

റെക്കോർഡ് തകർത്ത തിരമാല 2021-ലെ വേൾഡ് സർഫ് ലീഗ് ബിഗ്‌ജസ്റ്റ് വേവ് അവാർഡ് കൂടി സർഫറിന് നേടിക്കൊടുത്തു- അദ്ദേഹം മൂന്ന് തവണ ഈ അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ 2021 ലെ റെഡ് ബുൾ ബിഗ് വേവ് അവാർഡിൽ ഏറ്റവും വലിയ ടോവ് അവാർഡും നേടി. എന്തായാലും അമ്പരപ്പിക്കുന്ന ആ തിരമാലയിലൂടെയുള്ള സർഫിംഗ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

Story highlights- Largest wave surfed