കടുത്തചൂടിൽ വലയുന്ന വഴിയോരക്കച്ചവടക്കാർക്ക് കുപ്പിയിൽ വെള്ളം നൽകുന്ന കൊച്ചുകുട്ടി- ഹൃദ്യമായൊരു കാഴ്ച

May 3, 2022

ഇന്ത്യയിൽ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുകയാണ്. ചുട്ടുപൊള്ളുന്ന കാലാവസ്ഥ മെയ് അവസാനം വരെ നീളുമെന്ന സൂചനയാണ് കാലാവസ്ഥാകേന്ദ്രം നൽകുന്നത്. തീവ്രമായ വേനൽക്കാലത്തിന്റെ തുടക്കത്തെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിക്കാം. അതിനാൽത്തന്നെ ചൂടുമായി ബന്ധപ്പെട്ട ആഘാതങ്ങൾക്ക് സാധ്യത വളരെയധികമാണ്. ഈ ചൂടിലും മനസുകുളിർപ്പിക്കുന്ന ഒരു കാഴ്ച ആളുകളുടെ ഹൃദയം കീഴടക്കുകയാണ്.

ഐപിഎസ് ഓഫീസർ അവനീഷ് ശരൺ പങ്കിട്ട ഒരു വിഡിയോയിൽ വളരെ ഹൃദ്യമായ ഒരു നിമിഷമാണ് ഉള്ളത്.ട്വിറ്ററിൽ പങ്കിട്ട വിഡിയോയിൽ ഒരു കൊച്ചുകുട്ടി വെള്ളംകുപ്പികൾ വിതരണം ചെയ്യുകയാണ്. നടപ്പാതയിൽ ഇരിക്കുന്ന വഴിയോരക്കച്ചവടക്കാർക്കാണ് കുപ്പികൾ വിതരണം ചെയ്യുന്നത്. ചില കച്ചവടക്കാർ കൊച്ചുകുട്ടിയെ അനുഗ്രഹിച്ചപ്പോൾ ചിലർ കുഞ്ഞിനോട് നന്ദി പറയുന്നു.

‘നിങ്ങളുടെ എളിയ ദയ ആരുടെയെങ്കിലും ദിനത്തെ സവിശേഷമാക്കും’ -എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, ചൂടുകാലത്ത് വളരെയധികം കരുതൽ ആവശ്യമാണ്.ചൂടുകാലത്ത് അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്. വീട്ടില്‍ ഇരിക്കുന്നവരും ധാരാളമായി ശുദ്ധജലം കുടിക്കുക.

Read also: ഗുരുതരമായ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പൊലീസിന്റെ ക്യാഷ് അവാർഡ്

വീട്ടിലും മുറികളിലും വായുസഞ്ചാരം ഉറപ്പാക്കുക. നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം, ചായ, കാപ്പി പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകൽ സമയങ്ങളിൽ ചൂട് കൂടുതൽ ഉള്ളപ്പോൾ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

Story highlights- Little boy gives water bottles to street vendors