വമ്പൻ സ്‌കോർ നേടി ലഖ്‌നൗ; തകർപ്പൻ ബാറ്റിങ്ങുമായി നായകൻ കെ എൽ രാഹുൽ

May 1, 2022

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള ഐപിഎൽ മത്സരത്തിൽ കൂറ്റൻ സ്‌കോർ നേടി കെ എൽ രാഹുലിന്റെ ലഖ്‌നൗ സൂപ്പർ ജയൻറ്സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നായകൻ രാഹുലിന്റെ തീരുമാനം പൂർണമായും ശരിയായിരുന്നുവന്ന് തെളിയിക്കുന്ന പ്രകടനമാണ് ലഖ്‌നൗ ബാറ്റ്‌സ്മാന്മാർ പുറത്തെടുത്തത്. വമ്പനടികളുമായി 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് ലഖ്‌നൗ അടിച്ചു കൂട്ടിയത്.

ലഖ്‌നൗ ബാറ്റിംഗ് നിരയിൽ നായകൻ രാഹുൽ തന്നെയാണ് തിളങ്ങിയത്. 51 പന്തിൽ 77 റൺസെടുത്ത് രാഹുൽ മുന്നിൽ നിന്ന് നയിച്ചപ്പോൾ 34 പന്തിൽ 52 റൺസ് നേടി ദീപക് ഹൂഡ നായകന് ശക്തമായ പിന്തുണ നൽകി. ഹൂഡ-രാഹുല്‍ സഖ്യം 95 റൺസാണ് ലഖ്‌നൗവിന് വേണ്ടി അടിച്ചു കൂട്ടിയത്. ഷാർദുല്‍ ഠാക്കൂറാണ് ഡൽഹിക്ക് വേണ്ടി ലഖ്‌നൗവിന്റെ 3 വിക്കറ്റുകളും നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 7 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 73 റൺസ് എടുത്തിട്ടുണ്ട്.

കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമിൽ ഒരു മാറ്റവുമായിട്ടാണ് ലഖ്‌നൗ ഇന്നിറങ്ങിയത്. ആവേശ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ഇന്ന് ടീമിനായി കളത്തിലിറങ്ങി. അതേ സമയം ഡൽഹി മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്നിറങ്ങിയത്.

ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ലഖ്‌നൗ പോയിന്റ് ടേബിളിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ഡൽഹി ക്യാപിറ്റൽസിനും 8 മത്സരങ്ങളിൽ നിന്ന് അത്ര തന്നെ പോയിന്റുണ്ടെങ്കിലും റൺ റേറ്റിന്റെ വ്യത്യാസത്തിൽ ടീം ഇപ്പോൾ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്.

Read More: കോലിയെ തോളിൽ തട്ടി ചേർത്ത് നിർത്തി ഷമി; ആരാധകരുടെ ഹൃദയം കവർന്ന് താരങ്ങളുടെ സൗഹൃദ നിമിഷം – വിഡിയോ

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 20 റൺസിന്റെ മിന്നുന്ന ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ലഖ്‌നൗ സൂപ്പർ ജയൻറ്സ് ഇന്ന് ഡൽഹിയെ നേരിടാനിറങ്ങിയിരിക്കുന്നത്. അതേ സമയം കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ മികച്ച വിജയം നേടിയ ഡൽഹി ക്യാപിറ്റൽസും ഇന്ന് പൊരുതാനുറച്ച് തന്നെയാണ് ഇറങ്ങിയിരിക്കുന്നത്.

Story Highlights: Lucknow gets huge score against delhi