കോലിയെ തോളിൽ തട്ടി ചേർത്ത് നിർത്തി ഷമി; ആരാധകരുടെ ഹൃദയം കവർന്ന് താരങ്ങളുടെ സൗഹൃദ നിമിഷം – വിഡിയോ

May 1, 2022

ഫോം കണ്ടെത്താൻ ഏറെ വിഷമിക്കുകയായിരുന്നു മുൻ ഇന്ത്യൻ നായകൻ വിരാട് കോലി. തുടർച്ചയായ മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ കോലി വലിയ വിമർശനവും നേരിട്ടിരുന്നു. കോലി എന്ന ക്രിക്കറ്റ് താരത്തിന്റെ പ്രതാപ കാലം കഴിഞ്ഞു എന്ന് വരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയായിരുന്നു ശനിയാഴ്ച ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ കോലി നേടിയ അർധ സെഞ്ചുറി. ബാറ്റിങ്ങിൽ മങ്ങിയ പ്രകടനം കാഴ്ചവെച്ചുകൊണ്ടിരുന്ന കോലിക്ക് വലിയ ആശ്വസമാണ് ഇന്നലത്തെ പ്രകടനം നൽകിയത്. 53 പന്തിൽ നിന്ന് 58 റൺസ് അടിച്ചു കൂട്ടിയിട്ടാണ് കോലി പുറത്തായത്.

അർധ സെഞ്ചുറി നേട്ടത്തിന് ശേഷം നിരവധി പ്രമുഖരാണ് കോലിക്ക് ആശംസകളുമായി എത്തിയത്. ഇത് കോലിയുടെ തിരിച്ചു വരവാണെന്ന് പറഞ്ഞ ആരാധകർ വരാനിരിക്കുന്ന അദ്ദേഹത്തിന്റെ മികച്ച ഇന്നിങ്‌സുകളുടെ തുടക്കമാണിതെന്നും കൂട്ടിച്ചേർത്തു.

എന്നാൽ മറ്റൊരു അഭിനന്ദനമാണ് ഇപ്പോൾ ആരാധകരുടെയും കളി പ്രേമികളുടെയും മനസ്സ് കവർന്നിരിക്കുന്നത്. അർധ സെഞ്ചുറി നേട്ടത്തിന് ശേഷം ഗുജറാത്ത് ബൗളർ മുഹമ്മദ് ഷമി കോലിയെ അഭിനന്ദിച്ച നിമിഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. കോലിയുടെ പുറത്തു തട്ടി അഭിനന്ദിച്ച ഷമി അതിന് ശേഷം അദ്ദേഹത്തെ ചേർത്ത് പിടിക്കുകയായിരുന്നു. ഇരു താരങ്ങളും സൗഹൃദ സംഭാഷണം നടത്തുന്നതും വിഡിയോയിൽ ദൃശ്യമാണ്.

58 റൺസ് നേടിയ കോലിയെ മുഹമ്മദ് ഷമി തന്നെയാണ് ഇന്നലത്തെ മത്സരത്തിൽ പിന്നീട് പുറത്താക്കിയത്. ഒരു സിക്സറും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്.

Read More: പട്ടിണി സഹിക്കാൻ കഴിയാത്ത ബാല്യം, കുടുംബത്തെ കര കയറ്റുമെന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക്..; ഡൽഹി ക്യാപിറ്റൽസ് താരം റോവ്മാന്‍ പവലിന്‍റെ അവിശ്വസനീയ ജീവിതം- വിഡിയോ

ഇതിന് മുൻപും കോലിയും ഷമിയും തമ്മിലുള്ള സൗഹൃദം ശ്രദ്ധേയമായിരുന്നു. അനാവശ്യമായ ഒരു വിവാദത്തിലേക്ക് ഷമി വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ അതിനെതിരെ കടുത്ത വിമർശനവുമായി കോലി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പല പ്രമുഖരും മൗനം പാലിച്ചപ്പോഴാണ് ഷമിയെ ചേർത്ത് നിർത്തി വലിയ പിന്തുണ നൽകി അന്ന് ഇന്ത്യൻ നായകൻ കൂടിയായിരുന്ന കോലി ശക്തമായി പ്രതികരിച്ചത്.

Story Highlights: Shami heartfelt response to kohli’s half century