ടോസ് നഷ്‌ടമായി ബാറ്റിങ്ങിറങ്ങി ബാംഗ്ലൂർ; മഴ വില്ലനാവുമോയെന്ന ആശങ്കയിൽ ആരാധകർ

May 25, 2022

എലിമിനേറ്റർ മത്സരത്തിൽ ലഖ്‌നൗവിനെതിരെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയിരിക്കുകയാണ് ബാംഗ്ലൂർ. മഴ കാരണം മത്സരം തുടങ്ങാൻ താമസിച്ചെങ്കിലും വലിയ പ്രതീക്ഷയിലാണ് ബാംഗ്ലൂർ ടീം. എങ്കിലും മഴ വീണ്ടും വില്ലനാവുമോയെന്ന ചെറിയ ആശങ്ക ബാംഗ്ലൂർ ആരാധകർക്കുണ്ട്.

ഓരോവർ പോലും എറിയാൻ കഴിയാതെ മഴ മത്സരം തടസ്സപ്പെടുത്തിയിരുന്നെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗ സ്വാഭാവികമായും നേരിട്ട് രണ്ടാം ക്വാളിഫയറിലേക്ക് പ്രവേശിക്കുമായിരുന്നു. എന്നാലിപ്പോൾ മത്സരം ആരംഭിച്ചതോടെ വലിയ ആശ്വാസത്തിലാണ് ബാംഗ്ലൂർ ആരാധകർ. നാളുകളായി ഫോമിലേക്കുയരാൻ കഴിയാതിരുന്ന മുൻ നായകൻ വിരാട് കോലി കഴിഞ്ഞ മത്സരത്തിൽ മികച്ച ഫോമിലേക്ക് തിരിച്ചു വന്നതും അപ്രതീക്ഷിതമായ പ്ലേ ഓഫ് പ്രവേശനവുമെല്ലാം ബാംഗ്ലൂർ ടീമിന് വലിയ ആവേശമായിട്ടുണ്ട്. അതിനാൽ തന്നെ നേരിയ മുൻ‌തൂക്കം ഇന്നത്തെ മത്സരത്തിൽ ബാംഗ്ലൂരിനുണ്ടെന്ന് പറയേണ്ടി വരും.

എന്നാൽ ലഖ്‌നൗവും തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് ഇന്നിറങ്ങിയിരിക്കുന്നത്. സീസണിലുടനീളം സ്ഥിരതയാർന്ന പ്രകടനം തന്നെയാണ് കെ എൽ രാഹുലിന്റെ നേതൃത്വത്തിൽ ടീം കാഴ്‌ചവെയ്‌ക്കുന്നത്.വളരെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ലഖ്‌നൗവിനുള്ളത്. നായകൻ കെ എൽ രാഹുലും ക്വിന്‍റൺ ഡികോക്കും കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്‌ക്കെതിരെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുക്കെട്ടാണ് പടുത്തുയർത്തിയത്. അതോടൊപ്പം തന്നെ മാർക്ക്സ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ആയുഷ് ബദോനി, ജേസൺ ഹോൾഡർ എന്നീ ബാറ്റർമാരിലും ആവേശ് ഖാൻ, മൊഹ്സിൻ ഖാൻ, രവി ബിഷ്‌ണോയി എന്നീ ബൗളർമാരിലും ലഖ്‌നൗ പ്രതീക്ഷയർപ്പിക്കുന്നു.

Read More: രാജസ്ഥാൻ ആരാധകരോട് മാപ്പ് ചോദിച്ച് മില്ലർ; മത്സര ശേഷമുള്ള താരത്തിന്റെ ട്വീറ്റ് ശ്രദ്ധേയമാവുന്നു

തോൽക്കുന്ന ടീം പുറത്താകുമെന്നതിനാൽ ജീവന്മരണ പോരാട്ടമായാണ് ഇരു ടീമുകളും ഇന്നത്തെ മത്സരത്തെ കാണുന്നത്. മത്സരത്തിൽ ജയിക്കുന്നവർ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടും.

Story Highlights: Lucknow won the toss and chose to field