എം ജി ശ്രീകുമാർ ഇന്നസെന്റിനെ പഠിപ്പിച്ച പാട്ട്; സംഗീത വേദിയിലെ രസകരമായ നിമിഷം
ബഹുമുഖ പ്രതിഭയായ ഒരു നടനാണ് ഇന്നസെന്റ്. അഭിനയത്തിനൊപ്പം തന്നെ സംഗീതവും വളരെയേറെ ആസ്വദിക്കുന്ന ഒരു കലാകാരനാണ് അദ്ദേഹം. നന്നായി പാടാറുള്ള അദ്ദേഹം തന്റെ സിനിമകളിലും പാടിയിട്ടുണ്ട്. അദ്ദേഹം പാടിയ പല സിനിമ ഗാനങ്ങളും വലിയ ജനപ്രീതി നേടിയിട്ടുണ്ട്. മ്യൂസിക് ഉത്സവ വേദിയിലും അദ്ദേഹം പ്രേക്ഷകരുടെയും വേദിയിലിരിക്കുന്നവരുടെയും മനം കവർന്ന് പാട്ടുകൾ ആലപിച്ചിട്ടുണ്ട്.
ഇപ്പോൾ രസകരമായ ഒരു നിമിഷത്തിനാണ് മ്യൂസിക് ഉത്സവ വേദി സാക്ഷ്യം വഹിച്ചത്. മലയാളത്തിന്റെ പ്രിയഗായകനും ടോപ് സിംഗറിലെ വിധികർത്താവും കൂടിയായ ഗായകൻ എം ജി ശ്രീകുമാറും നടൻ ഇന്നസെന്റും ഒപ്പമുള്ള രസകരമായ ഒരു നിമിഷമാണ് പ്രേക്ഷകർക്ക് ഹൃദ്യമായി മാറിയത്.
വേദിയിലെ മനോഹരമായ ഒരു ഗാനത്തിന് ശേഷം അതേ രാഗത്തിലുള്ള മറ്റൊരു ഗാനം എം ജി ശ്രീകുമാർ ഇന്നസെന്റിനെ പഠിപ്പിക്കുകയായിരുന്നു. തൂവാനത്തുമ്പികൾ എന്ന പദ്‌മരാജൻ ചിത്രത്തിലെ “ഒന്നാം രാഗം പാടി” എന്ന ഗാനം വേദിയിലെ ഗായകർ ആലപിച്ചതിന് ശേഷമാണ് അതേ രാഗത്തിലുള്ള ‘അഭിമന്യു’ എന്ന മോഹൻലാൽ ചിത്രത്തിലെ “കണ്ടു ഞാൻ മിഴികളിൽ” എന്ന് തുടങ്ങുന്ന ഗാനം എം ജി ശ്രീകുമാർ ഇന്നസെന്റിനെ പാടാൻ പഠിപ്പിച്ചത്. അതിമനോഹരമായാണ് നടൻ ഇന്നസെന്റ് വേദിയിൽ ഗാനം ആലപിച്ചത്.
Read More: മാപ്പിള പാട്ടിന്റെ നൈർമല്യവുമായി പാട്ട് വേദിയിൽ മേഘ്‌നക്കുട്ടിയും ശ്രീഹരിയും
സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാൾ കൂടിയാണ് ഇന്നസെന്റ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ നർമ മുഹൂർത്തങ്ങളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ പ്രേക്ഷകരുടെ മനം കവർന്ന ഒട്ടേറെ കഥാപാത്രങ്ങളെ നടൻ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. പ്രേക്ഷകർ ജീവിതത്തിലും സ്ഥിരമായി സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന പല തമാശ ഡയലോഗുകളും ഇന്നസെന്റിൻറെ കഥാപാത്രങ്ങൾ സിനിമകളിൽ പറഞ്ഞിട്ടുള്ളവയാണ്.
Story Highlights: M g sreekumar helps innocent to sing