“നളചരിതത്തിലെ നായകനോ..”; വടക്കൻ പാട്ട് കഥയിലെ നായികയായി മേഘ്നക്കുട്ടി
അദ്ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്ചയാണ്.
തെന്നിന്ത്യൻ ചലച്ചിത്ര പിന്നണി ഗാനലോകത്തെ പ്രശസ്തനായ ഗായകൻ ശ്രീനിവാസടക്കമുള്ള പല പാട്ടുകാരും ടോപ് സിംഗർ വേദിയിലെ ഗായകരുടെ പ്രകടനം കണ്ട് വികാരാധീനരാവുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. അനുഗ്രഹിക്കപ്പെട്ട ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.
ടോപ് സിംഗർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. ജഡ്ജസുമായുള്ള മേഘ്നയുടെ സംഭാഷണങ്ങൾ പലപ്പോഴും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട്.ഇപ്പോൾ പാട്ട് വേദിയിലെ മിടുക്കി പാട്ടുകാരിയായ മേഘ്നക്കുട്ടിയുടെ ഒരു പ്രകടനമാണ് പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങുന്നത്.
1973 ഇറങ്ങിയ ‘പൊന്നാപുരം കോട്ട’ എന്ന ചിത്രത്തിലെ “നളചരിതത്തിലെ നായകനോ” എന്ന് തുടങ്ങുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച നിത്യഹരിത ഗാനമാണ് മേഘ്നക്കുട്ടി പാട്ട് വേദിയിൽ ആലപിച്ച് കൈയടി വാങ്ങിയത്. ജി.ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട കവി വയലാർ രാമവർമയാണ്. പി.സുശീലയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായ ഈ ഗാനം അതിമനോഹരമായി വേദിയിൽ ആലപിച്ചാണ് മേഘ്നക്കുട്ടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും മനസ്സ് കവർന്നത്.
Read More: ‘അയ്യോ, ഞാൻ കോഴിയെ ഒന്നും ചെയ്തിട്ടില്ല..’- പാട്ടുവേദിയിൽ കുറുമ്പുമായി മിയക്കുട്ടി
പ്രായഭേദമന്യേ വലിയ പ്രേക്ഷകസമൂഹമാണ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ.
Story Highlights: Meghna with an evergreen malayalam song