“മലരും കിളിയും ഒരു കുടുംബം..”; പ്രേക്ഷകരുടെ ഓർമ്മകളെ തഴുകിയുണർത്തുന്ന മധുര സുന്ദര ഗാനവുമായി മിയക്കുട്ടി

May 26, 2022

പാട്ട് വേദിയിലെ കൊച്ചു പാട്ടുകാർക്കൊക്കെ വലിയ ആരാധകരാണ് പ്രേക്ഷകർക്കിടയിലുള്ളത്. അത്തരത്തിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കുഞ്ഞ് പാട്ടുകാരിയാണ് മിയ. കുറുമ്പും കുസൃതിയും നിറച്ച മിയക്കുട്ടിയുടെ പാട്ടുകൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. വാക്കുകൾ കൃത്യമായി ഉച്ഛരിച്ച് തുടങ്ങും മുൻപ് തന്നെ പാട്ട് പാടി കൈയടി നേടിത്തുടങ്ങിയതാണ് ഈ കുഞ്ഞുഗായിക.

ഇപ്പോൾ മനോഹരമായ ഒരു ഗാനം ആലപിച്ചാണ് മിയക്കുട്ടി വേദിയുടെ കൈയടി ഏറ്റുവാങ്ങുന്നത്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലും നിത്യഹരിത നായകനായ പ്രേംനസീറും ഒരുമിച്ചഭിനയിച്ച ‘ആട്ടക്കലാശം’ എന്ന ചിത്രത്തിലെ “മലരും കിളിയും ഒരു കുടുംബം..” എന്ന് തുടങ്ങുന്ന ഗാനമാണ് മിയക്കുട്ടി വേദിയിൽ ആലപിച്ചത്. 1983 ൽ പുറത്തിറങ്ങിയ ‘ആട്ടക്കലാശം’ സംവിധാനം ചെയ്‌തിരിക്കുന്നത്‌ ജെ ശശികുമാറാണ്.

രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് പൂവച്ചൽ ഖാദറാണ്. ഗാനഗന്ധർവ്വൻ യേശുദാസാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്. മിയകുട്ടി ഈ ഗാനവുമായി എത്തിയപ്പോൾ പ്രേക്ഷകർക്കും വേദിയിലെ വിധികർത്താക്കൾക്കും ഹൃദ്യമായ ഒരു നിമിഷമായി അത് മാറുകയായിരുന്നു.

അവിശ്വസനീയമായ രീതിയിലാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പല ഗായകരും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരാറുള്ളത്. അത്തരത്തിലുള്ള അവിസ്മരണീയമായ നിമിഷങ്ങൾക്ക് പാട്ട് വേദി ഇതിന് മുൻപും സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ മിയക്കുട്ടിയുടെ പാട്ടിലൂടെ അതിമനോഹരമായ മറ്റൊരു നിമിഷത്തിനാണ് വേദി സാക്ഷിയായത്.

Read More: ആദ്യ സിനിമയിലെ ‘നാച്ചുറൽ ആക്‌ടിംഗ്‌’; അതിനുപിന്നിൽ ഒരു രഹസ്യമുണ്ട്- ലക്ഷ്മി ഗോപാലസ്വാമി

വലിയ പ്രേക്ഷകസമൂഹമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുന്നത്. എം ജയചന്ദ്രൻ, എം ജി ശ്രീകുമാർ, അനുരാധ ശ്രീറാം എന്നിവരാണ് പാട്ടുവേദിയിലെ വിധികർത്താക്കൾ. പലപ്പോഴും വിധികർത്താക്കളായ എം ജി ശ്രീകുമാറിന്റെയും എം ജയചന്ദ്രന്റെയും അനുരാധ ശ്രീറാമിന്റെയും പാട്ടുകൾ അവർക്ക് മുൻപിൽ തന്നെ ആലപിച്ച് വിധികർത്താക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് വേദിയിലെ കൊച്ചു പാട്ടുകാർ.

Story Highlights: Miya sings an old beautiful malayalam song