ആദ്യ സിനിമയിലെ ‘നാച്ചുറൽ ആക്‌ടിംഗ്‌’; അതിനുപിന്നിൽ ഒരു രഹസ്യമുണ്ട്- ലക്ഷ്മി ഗോപാലസ്വാമി

May 26, 2022

തന്റെ കലാപരമായ പ്രവർത്തനങ്ങൾക്ക് പേരുകേട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനയവും പാട്ടും നൃത്തവുമെല്ലാം ഒരുപോലെ വഴങ്ങുന്ന ലക്ഷ്മി ഗോപാലസ്വാമി മലയാളിയല്ലെങ്കിലും മലയാളത്തിലാണ് അഭിനയിച്ചുതുടങ്ങിയതും സജീവമായതും. എം കെ ഗോപാലസ്വാമിയുടെയും ഡോ ഉമാ ഗോപാലസ്വാമിയുടെയും മകളായി ജനിച്ച ലക്ഷ്മി ബെംഗളൂരുവിലെ വിശ്വേശപുരയിലും ബനശങ്കരിയിലുമാണ് വളർന്നത്. ഒരു നർത്തകിയായും മോഡലായും കന്നഡയിലും മലയാളത്തിലും വലിയ ഹിറ്റുകളിൽ നായികയായും തിളങ്ങിയ ലക്ഷ്മി ഗോപാലസ്വാമി ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ അതിഥിയായി എത്തിയിരിക്കുകയാണ്.

പാട്ടുവേദിയിൽ നൃത്തം ചെയ്തും പാട്ടുപാടിയും തിളങ്ങിയ ലക്ഷ്മി ആദ്യ സിനിമയുടെ ഓർമ്മകളും പങ്കുവയ്ക്കുന്നു. ‘അരയന്നങ്ങളുടെ വീട്’ എന്ന മലയാള ചിത്രത്തിന് വേണ്ടി മമ്മൂട്ടിയോടൊപ്പമാണ് ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി അഭിനയലോകത്തേക്ക് എത്തിയത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ പുതുമുഖമായി എത്തിയപ്പോൾ ഒന്നും തന്നെ അറിയില്ലായിരുന്നു എന്നും എന്താണ് ചെയ്യേണ്ടത് എന്ന് ആശയകുഴപ്പമുണ്ടായി എന്നും നടി പറയുന്നു. ലോഹിത ദാസിന്റെ മുന്നിൽ സെറ്റും മുണ്ടും ഉടുത്ത് ചെന്നപ്പോൾ അദ്ദേഹം നോക്കിയിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഒരു വാക്കുപോലും പറഞ്ഞില്ല,ഇവർക്കൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്ന് ചിന്തിച്ചുവെന്നും ലുക്ക് ടെസ്റ്റിനായി സെറ്റ് മുണ്ടും ധരിച്ചപ്പോൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടിയതുമാത്രമേ ഉള്ളുവെന്നും നടി പറയുന്നു.

Read Also: ഉണരുണരൂ..പാട്ടിന്റെ മനോഹാരിതകൊണ്ട് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയെ തൊട്ടുണർത്തി കൊച്ചുഗായിക- ഹൃദയംകൊണ്ട് ഏറ്റെടുത്ത് സംഗീതപ്രേമികൾ

പിന്നീട് ഷൂട്ടിങ്ങിനിടക്കും എന്താണ് സംഭവിക്കുന്നതെന്നറിയാതെ പരിഭ്രമിച്ചപ്പോഴും ഒരു നിർദേശങ്ങളും നൽകിയതുമില്ല. കൂളായി ഇരിക്കാൻ മാത്രമേ പറഞ്ഞുവെന്നും ലക്ഷ്മി പറയുന്നു. അതുകൊണ്ടാവാം ആദ്യ സിനിമയിൽ നാച്ചുറൽ ആക്‌ടിംഗ്‌ ആയിരുന്നു എന്നും ചിരിയോടെ നടി പറയുന്നു. ലോഹിതദാസ് ഒരു അഭിനയകളരിയാണെന്നു മുൻപും ഒട്ടേറെ അഭിനേതാക്കൾ വ്യക്തക്കിയിട്ടുണ്ട്.

‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിൽ സീത എന്ന ഉത്തരേന്ത്യക്കാരിയുടെ വേഷമാണ് ലക്ഷ്മി അവതരിപ്പിച്ചത്. മമ്മൂട്ടി അവതരിപ്പിച്ച രവി എന്ന കഥാപാത്രത്തിന്റെ ഭാര്യയായിരുന്നു സീത. രണ്ടു കുട്ടികളുടെ ‘അമ്മവേഷമായിരുന്നു അത്.

Story highlights- lakshmi gopalaswami about her natural acting experience