‘സിനിമയിലേക്ക് എത്തിയത് ഒരു നുണയിലൂടെ’- മനസ് തുറന്ന് മുക്ത

May 24, 2022

മലയാളികളുടെയും തമിഴ് പ്രേക്ഷകരുടെയും ഇഷ്ടനടിയാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ മുക്ത പിന്നീട് നായികയായി ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇപ്പോൾ ടെലിവിഷൻ പരമ്പരകളിൽ താരമാണ് മുക്ത. മാത്രമല്ല, ‘അമ്മ മുക്തയുടെ പാത പിന്തുടർന്ന് മകൾ കിയാരയെന്ന കണ്മണികുട്ടി അഭിനയലോകത്തേക്ക് എത്തിയിരിക്കുകയാണ്. സിനിമാവിശേഷങ്ങളും ജീവിതാനുഭവങ്ങളുമൊക്കെ പങ്കുവെച്ച് ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിലെത്തിയ മുക്ത സിനിമയിലേക്ക് എത്തിച്ച ഒരു നുണയെ കുറിച്ച് പങ്കുവയ്ക്കുകയാണ്.

ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് സിനിമയിൽ അഭിനയിക്കുമ്പോൾ മുക്ത എട്ടാം ക്ലാസ്സിലേക്ക് എത്തിയതേ ഉണ്ടായിരുന്നുള്ളു. ഒഡീഷനിൽ സാരി ഉടുത്ത് എത്തിയ മുക്ത പ്ലസ്‌വൺ വിദ്യാർത്ഥിനി എന്നാണ് പറഞ്ഞത്. വിദ്യാർത്ഥിയുടെ കഥാപാത്രത്തിനായി ഒഡീഷൻ നടത്തിയ ലാൽ ജോസ് സാരി ഉടുത്ത മുക്തയെ കണ്ടപ്പോൾ വേണ്ടെന്നു വയ്ക്കാനാണ് തീരുമാനിച്ചിരുന്നത് എന്ന് പിന്നീട് പറഞ്ഞിരുന്നു.

Read also: നൃത്തം ചെയ്യാൻ അറിയാത്ത നയൻതാരയ്ക്ക് ഷീലാമ്മ പറഞ്ഞുകൊടുത്ത രഹസ്യം- ഇന്നും നടിയുടെ വിജയമന്ത്രം!

പിന്നീട് താമരഭരണി എന്ന തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ മുക്തയ്ക്ക് പ്രായം പതിനാല്. അവിടെ പ്ലസ്ടു വിദ്യാർത്ഥിനി എന്ന കള്ളവും പറഞ്ഞു. ഇപ്പോഴും അന്ന് ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോൾ ചെയ്ത വേഷമാണ് അത് എന്ന് ആരും വിശ്വസിക്കില്ല എന്ന് മുക്ത പറയുന്നു. അന്ന് എങ്ങനെയെങ്കിലും ടെലിവിഷനിൽ മുഖം കാണിക്കണം എന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളു എന്നും സിനിമയിൽ ഉള്ള ആരും കുടുംബത്തിൽ ഇല്ലാതിരുന്നതിനാൽ സാരി ഉടുത്ത വലിയ ആളുകളെ മാത്രമേ സിനിമയിലേക്ക് എടുക്കു എന്ന തെറ്റിദ്ധാരണ ഉണ്ടായിരുന്നു എന്നും മുക്ത പങ്കുവയ്ക്കുന്നു.

Story highlights- muktha about her first movie